കൊല്ലം മുൻ ബിഷപ്പ് രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമി തട്ടിയെടുത്തു, റവന്യൂ ഉദ്യോഗസ്ഥർ രേഖകൾ തിരുത്തി
text_fieldsകോഴിക്കോട്: കൊല്ലം മുൻ ബിഷപ്പ് ബെൻസിഗർ രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമി അനധികൃതമായി തട്ടിയെടുത്തുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. കൊല്ലം ആദിച്ചനല്ലൂർ വില്ലേജിലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം സർവേ നമ്പർ 181ലെ രണ്ടേക്കർ ഭൂമിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂരേഖകൾ തിരുത്തി കൈവശപ്പെടുത്തിയത്.
ഈ സർവേ നമ്പരിൽ ആകെ 3.40 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയുണ്ടായിരുന്നു. താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകളുടെ സൂക്ഷ്മപരിശോധനയിൽ പുറമ്പോക്കിലെ രണ്ട് ഏക്കർ ഭൂമി കൊല്ലം മുൻ ബിഷപ്പ് ബെൻസിഗറിന് കൈമാറിയെന്ന് കണ്ടെത്തി. സർവേ നമ്പർ 181/ഒന്ന് എന്ന് രേഖപ്പെടുത്തി തണ്ടപ്പേർ അക്കൗണ്ടർ നമ്പർ 1234 എന്ന് തിരുത്തിയാണ് റവന്യൂ ഉദ്യോഗസ്ഥർ ബിഷപ്പിന് കൈമാറിയത്.
ബാക്കിയുള്ള 1.40 ഏക്കർ ഭൂമി ഇപ്പോഴും റവന്യൂ രേഖകളിൽ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, റീ -സർവേ രേഖകളിൽ ബ്ലോക്ക് നമ്പർ 28ലെ 3.40 ഏക്കർ പുറമ്പോക്ക് രണ്ടിയായി വിഭജിച്ചു. സർവേ 253/35ൽ ബിഷപ്പിന്റെ പേരിൽ രണ്ട് ഏക്കർ, 253/42ൽ 1.40 ഏക്കർ (പുറമ്പോക്ക് ഭൂമി) എന്ന് രേഖപ്പെടുത്തിയാണ് റവന്യൂ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയത്.
കൊല്ലം കലക്ടറുടെ അന്വേഷണത്തിലാണ് റിസർവേയിൽ നിയമവിരുധമായി നടത്തിയ ഈ തട്ടിപ്പ് കണ്ടെത്തിയത്. 3.40 ഏക്കർ ഭൂമിയുടെ പഴയ സർവേ നമ്പർ 181,181എ എന്നിങ്ങനെയാണ്. വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥർ റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ചാണ് ബിഷപ്പിനെ രണ്ട് ഏക്കർ ഭൂമിയുടെ ഉടമസ്ഥനാക്കിയത്. ഭൂരേഖകളിൽ നടത്തിയിരിക്കുന്ന കൃത്രിമത്വം പരിശോധനയിൽ പകൽപോലെ വ്യക്തമായി. കൊല്ലം ബിഷപ്പിന് അനുകൂലമായി ഭൂമിയുടെ മ്യൂട്ടേഷൻ ഇതോടൊപ്പം റദ്ദാക്കണമെന്നാണ് കലക്ടർ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. 1234-ാം നമ്പർ തണ്ടപ്പേർ അക്കൗണ്ടിലുള്ള രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമി തിരിച്ചു പിടിച്ചുപിടിക്കണമെന്നും നിർദേശിച്ചു.
കുണ്ടറ സബ് രജിസ്ട്രാർ ഓഫീസിലെ രേഖകൾ പ്രാകരം ബിഷപ്പിന്റെ പേരിൽ സർവേ നമ്പർ 180-എയിൽ 5.40 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 761/1089 എം.ഇ വിൽപന രേഖ പ്രകാരം ആദിച്ചനല്ലൂർ വില്ലേജിലാണ് ഈ ഭൂമി. അതാകട്ടെ 3.40 ഏക്കർ സർക്കാർ പുറമ്പോക്കിനോട് ചേർന്ന് കിടക്കുന്ന ഭൂമിയാണ്. കലക്ടർ നടത്തിയ അന്വേഷണത്തിൽ ആദിച്ചനല്ലൂർ വില്ലേജിലെ സർവേ നമ്പർ 181ൽ ബിഷപ്പിന് രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമിയിൽ കൈവശവാകാശമില്ല. റവന്യൂ രേഖകളുടെ കൃത്രിമത്വത്തിലൂടെ രണ്ട് ഏക്കർ ഭൂമി ബിഷപ്പിന്റെ പേരിലാക്കി. തുടർന്ന് ബിഷപ്പിന്റെയും മ്യൂട്ടേഷനും തണ്ടപ്പർ അക്കൗണ്ട് നമ്പർ 1234 കൊല്ലം അഡീഷണൽ അഡീഷണൽ തഹസിൽദാർ ശരിയാക്കി നൽകി.
തട്ടിപ്പ് ബോധ്യപ്പെട്ട ഓഡിറ്റ് സംഘം ചില കാര്യങ്ങൾ കലക്ടറോട് ആവശ്യപ്പെട്ടു. രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമി ബിഷപ്പിന് നൽകുന്നതിന് സഹായം നൽകിയ കൊല്ലം അഡീഷണൽ തഹസിൽദാർക്കെതിരെ നടപടിയെത്തോ. സർവേ നമ്പർ 181നെ രണ്ടായി വിഭജിക്കാനു (181, 181 എ)ണ്ടായ സാഹചര്യം എന്താണ്. പഴയ സർവേ നമ്പർ 181-ൽ രണ്ട് ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി നിയമവിരുധമായി ബിഷപ്പിന് കൈമാറിയതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്. 3.40 ഏക്കർ ഭൂമിയിൽ നിന്ന് എന്തെങ്കിലും ആവശ്യത്തിന് ഭൂമി പതിച്ചു നൽകിയിട്ടുണ്ടോ- തുടങ്ങിയ കാര്യങ്ങളിൽ വിശദമായ മറുപടി ഓഡിറ്റ് ആവശ്യപ്പെട്ടു. പുറമ്പോക്ക് ഭൂമി സർക്കാറിന്‍റേതാണ്. ഭൂരഹിതർക്ക് പതിച്ച് കൊടുക്കുന്നത് ഇത്തരം പുറമ്പോക്ക് ഭൂമിയോ മിച്ചഭൂമിയോ ആണ്. അത് ബിഷപ്പിന് നിയമപരമായി കൈമാറാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.