ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോദിയെ കാണുമ്പോൾ മുട്ട് വിറക്കുന്നതിനാൽ - എം.അബ്ദുൽ സലാം
text_fieldsകോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റും മുൻ കാലിക്കറ്റ് വി.സിയുമായ എം അബ്ദുൽസലാം. മോദിയെ നഷ്ട്ടപെട്ടാൽ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാകുമെന്നും അദ്ദേഹത്തിന് വേണ്ടി എന്നും പ്രാര്‍ഥിക്കാറുണ്ടെന്നും ന്യൂനപക്ഷ മോർച്ചയുടെ പരിപാടിക്കിടെ അബ്ദുല്‍സലാം പറഞ്ഞു.
ലോകത്തെ വിറപ്പിക്കുന്ന ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോദിയെ കാണുമ്പോൾ മുട്ട് വിറക്കുന്നതിനാലാണ്. എവിടെ പോയാലും മോദിയുടെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് പറയുന്നതിൽ അഭിമാനമാണ് ഉണ്ടാകാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സബ്ക സാത്, സബ്ക വികാസ്' എന്ന് മോദി പറയുമ്പോൾ, അത് പറഞ്ഞത് തന്നെയാണ്. അദ്ദേഹം നന്മയുടെ ഒരു കേദാരം മാത്രമല്ല. നല്ല നേതൃത്വം, പ്രവർത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം മോദിയുടെ ഗുണങ്ങളാണ്. കേരളത്തിൽ ന്യുനപക്ഷങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം പിടിക്കാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ ന്യൂനപക്ഷ മോർച്ചയുടെ പ്രസക്തി വലുതാണ്. ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കണം. അവരുടെ ഉത്കണ്ഠയും ഭയവും മനസിലാക്കി, അതിനുള്ള മരുന്ന് നൽകണം. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കണമെങ്കിൽ ഇതു കൂടിയേ തീരൂ.
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവില്ല, സ്ഥിരം മിത്രവുമില്ല. നമ്മുടെ ആരുടെയും ഭാഗത്ത് നിന്ന് വെറുപ്പ് വളർത്തുന്ന വാക്കോ പ്രയോഗങ്ങളോ ഉണ്ടാകരുതെന്നും അബ്ദുല്‍ സലാം പറഞ്ഞു.
ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് ഡോ അബ്ദുൽ സലാം. യു.ഡി.എഫ് നോമിനിയായാണ് അബ്ദുൽ സലാം കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസിയായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.