കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് കാലിക്കറ്റ് മുൻ വി.സി
text_fieldsന്യൂഡൽഹി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവുമായി കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്‍റുമായ ഡോ. എം. അബ്ദുൽ സലാം. അക്കാദമിക രംഗത്തുള്ളവരെ നിയമിക്കുന്നതിന് പകരം സി.പി.എമ്മിന്‍റെ ഇടപെടലിലൂടെ രാഷ്ട്രീയ നിയമനങ്ങളാണ് സർവകലാശാലകളിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഉന്നതവിദ്യാഭ്യാസം എന്ന് പറഞ്ഞാൽ 23 സർവകലാശാലകൾ, ഏകദേശം 10 ലക്ഷം കുട്ടികൾ, 30,000 അധ്യാപകർ, ആയിരം കോളജുകൾ എന്നിങ്ങനെയാണ്. ഇവിടങ്ങളിൽ നടക്കുന്ന ക്രമക്കേടുകളുടെ ഫലം അനുഭവിക്കേണ്ടിവരുന്നത് വിദ്യാർഥികളാണ്.
ശരിയായ കാര്യങ്ങളിൽ നിലകൊള്ളുന്ന, ആത്മാർഥതയുള്ള, ഗാന്ധിയനായ വ്യക്തിയാണ് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അങ്ങനെയൊരാൾ രാഷ്ട്രീയ ഇടപെടലുകൾ കാരണം ചാൻസലർ സ്ഥാനം മാറ്റിക്കോളൂവെന്ന് ആവശ്യപ്പെടുന്ന ദു:ഖകരമായ അവസ്ഥയാണ് കേരളത്തിലെന്നും ഡോ. അബ്ദുൽ സലാം ചൂണ്ടിക്കാട്ടി.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരിക്കെ മുസ്ലിം ലീഗിനൊപ്പം നിലകൊണ്ട അബ്ദുൽ സലാം പിന്നീട് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.