മുൻ മുഖ്യമന്ത്രിയെത്തി; പഴയ സ്പീക്കറെ കാണാൻ
text_fieldsതിരുവനന്തപുരം: 'എന്താ വക്കം ചേട്ടാ, സുഖമാണോ?' സ്പീക്കർ എന്നനിലയിൽ ഭരണ -പ്രതിപക്ഷ ഭേദമന്യേ നിയമസഭാ സാമാജികർ കുട്ടികളെപ്പോലെ അനുസരിച്ചുനിന്നിട്ടുള്ള തെൻറ മുന്നിൽ ആകസ്മികമായെത്തി ഇത്തരത്തിൽ കുശലാന്വേഷണം നടത്തിയ അതിഥിയെ വക്കം പുരുഷോത്തമൻ ഗൗരവത്തോടെയൊന്ന് നോക്കി.
'അല്ലിത്, ആൻറണിയോ?''ഏറെ നാളുകൾക്കുശേഷം പ്രിയ സുഹൃത്തിനെ നേരിൽ കണ്ടപ്പോൾ കണ്ണുകളിൽ ആനന്ദാശ്രു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ഡോ. ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറി പന്തളം സുധാകരൻ എന്നിവരോടൊപ്പമായിരുന്നു തലമുതിർന്ന കോൺഗ്രസ് നേതാവും ചിരകാല സുഹൃത്തുമായ വക്കം പുരുഷോത്തമെൻറ കുമാരപുരം പൊതുജനം ലെയിനിലെ വീട്ടിൽ എ.െക. ആൻറണി എത്തിയത്. കുശലാന്വേഷണത്തിനിടയിൽ ആൻറണിയുടെ അടുത്ത ചോദ്യം വന്നു. 'കോവിഡ് വാക്സിനൊക്കെ എടുത്തോ?. ഒന്നെടുത്തെന്ന് വക്കത്തിെൻറ മറുപടി.
പിന്നാലെ ശൂരനാട് രാജശേഖരെൻറ കമൻറ് 'നിയമസഭയെ വിറപ്പിച്ച സിംഹത്തിന് വാക്സിനൊന്നും വേണ്ട, കോവിഡ് പേടിച്ചോടും'. പിന്നെ കൂട്ടച്ചിരിയായി. 'ഞാനൊക്കെ എന്ത് സിംഹം, ദാ നിൽക്കുന്നതല്ലേ യഥാർഥ സിംഹം'. ആൻറണിയെ നോക്കി വക്കം പുരുഷോത്തമൻ പറഞ്ഞു. 'രണ്ട് സിംഹങ്ങൾ കണ്ടുമുട്ടി' ശൂരനാടിെൻറ തലവാചകത്തിന് പന്തളത്തിെൻറ പ്രശംസ.
ഇരുവരും തമ്മിലുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ വീണ്ടും ശൂരനാടിെൻറ ഇടപെടൽ. വിഷയം തനി രാഷ്ട്രീയം. യു.ഡി.എഫ് അധികാരത്തിൽ വരുമെന്നതിൽ ഉറച്ച പ്രതീക്ഷവെക്കുന്ന വക്കം പുരുഷോത്തമൻ കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി ഡോ.എസ്.എസ്. ലാലിെൻറ ഗുണഗണങ്ങളും വാഴ്ത്തി.
1946ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് മുതലുള്ള വക്കം പുരുഷോത്തമെൻറ പ്രൗഢമായ രാഷ്ട്രീയ ജീവിതത്തിെൻറ വിവരണത്തിലേക്ക് പന്തളം സുധാകരൻ കടന്നപ്പോൾ സമയം ഏതാണ്ട് രാത്രി എട്ട്. കെ.പി.സി.സിയുടെ കുമാരപുരത്തുള്ള മീഡിയ ഓഫിസ് സന്ദർശിച്ച ആൻറണി പ്രചാരണവുമായി ബന്ധപ്പെട്ടുള്ള സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.