മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിടവാങ്ങിയത് ജനനായകൻ
text_fieldsകോട്ടയം: സൗമ്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായി മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണവിവരം അറിയിച്ചത്.
ഉമ്മൻചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്ന് ആദ്യം തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം മൃതദേഹം തലസ്ഥാനത്ത് എത്തിക്കുന്ന സമയം തീരുമാനിക്കും. മരണവിവരം അറിഞ്ഞ് കോൺഗ്രസ് നേതാക്കൾ ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബർ 31നാണ് ജനനം. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായ ഉമ്മൻ ചാണ്ടി ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അദ്ദേഹത്തിലെ നേതാവിനെ പാകപ്പെടുത്തി. 1967ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായും 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചു പതിറ്റാണ്ട് നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച ഉമ്മൻ ചാണ്ടി നാലു തവണ മന്ത്രിയും രണ്ടു തവണ മുഖ്യമന്ത്രിയുമായി. 2004-2006, 2011-2016 കാലഘട്ടങ്ങളിലാണ് മുഖ്യമന്ത്രി പദവി വഹിച്ചത്. പുതുപ്പള്ളിയിൽനിന്ന് തുടർച്ചയായി 12 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയ ജീവിതത്തിലെ അദ്ദേഹത്തിന്റെ ജനകീയത തെളിയിക്കുന്നു. നിലവിൽ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു.
മറിയാമ്മയാണ് ഭാര്യ. മക്കൾ: മരിയ, അച്ചു, ചാണ്ടി ഉമ്മൻ.
ഇന്ന് പൊതു അവധി, മൂന്ന് ദിവസം ഔദ്യോഗിക ദുഖചാരണം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.