മുന് ചീഫ് സെക്രട്ടറി സി.പി. നായര് അന്തരിച്ചു
text_fieldsതിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും ഭരണപരിഷ്കാര കമീഷൻ അംഗവും എഴുത്തുകാരനുമായ സി.പി. നായർ (81) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചശേഷം ബോധക്ഷയം ഉണ്ടാകുകയായിരുന്നു. വൈകാതെ മരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ. സരസ്വതിയാണ് ഭാര്യ. മക്കൾ: ഹരിശങ്കർ, ഗായത്രി.
ഒറ്റപ്പാലം സബ് കലക്ടർ, തിരുവനന്തപുരം കലക്ടർ, ആസൂത്രണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിെൻറ ഡെപ്യൂട്ടി ചെയർമാൻ, തൊഴിൽ സെക്രട്ടറി, റവന്യൂ ബോർഡ് അംഗം, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.1982 - 87ൽ മുഖ്യമന്ത്രി കെ. കരുണാകരെൻറ സ്പെഷൽ സെക്രട്ടറിയായി. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) പരിഷ്കരണം അടക്കം ഭരണപരിഷ്കാര മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം കമീഷണർ സ്ഥാനവും വഹിച്ചു. 1962 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം 36 വർഷത്തെ സേവനത്തിനുശേഷം 1998 ലാണ് വിരമിച്ചത്. പ്രശസ്ത സാഹിത്യകാരൻ എൻ.പി. ചെല്ലപ്പൻ നായരുടെ മകനായ സി.പി. നായർ ഔദ്യോഗിക ജീവിതത്തിൽ കർക്കശക്കാരനായാണ് അറിയപ്പെട്ടത്. സർഗരചനയിൽ നർമത്തിലൂടെ വ്യത്യസ്തനുമായി.
മാവേലിക്കര സ്വദേശിയാണ്. 19ാം വയസ്സിൽ യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഒന്നാമനായി ഇംഗ്ലീഷിൽ ബി.എ ഓണേഴ്സ് ബിരുദം നേടി. മൂന്നുവർഷം കോഴഞ്ചേരി സെൻറ് തോമസ്, തലശ്ശേരി ബ്രണ്ണൻ, തിരുവനന്തപുരം ഗവ. ആർട്സ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി. പിന്നീടാണ് സിവിൽ സർവിസിലെത്തിയത്. ആശാൻ കളരിയിൽനിന്ന് നേരിട്ട് നാലാം ക്ലാസിലെത്തിെയന്ന കൗതുകവും സി.പി. നായരുടെ ജീവിതത്തിലുണ്ട്. അക്കാലത്ത് ഡിവിഷനൽ ഇൻസ്പെക്ടർ നടത്തുന്ന എഴുത്തു പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് കളരിയിൽനിന്ന് നേരിട്ട് നാലാം ക്ലാസിലെത്താമായിരുന്നു.
വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായി ഒന്നാം പിണറായി സർക്കാർ ഭരണ പരിഷ്കാര കമീഷന് രൂപം നൽകിയപ്പോൾ ഭരണരംഗെത്ത വിദഗ്ധൻ എന്ന നിലയിൽ സി.പി. നായർ അംഗമായി. കമീഷെൻറ റിപ്പോർട്ടുകളിൽ അദ്ദേഹം നിർണായക സംഭാവന നൽകി. ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസ്സിന് തുടങ്ങി നിരവധി കൃതികൾ രചിച്ചു. 94ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ആനുകാലികങ്ങളിൽ പതിവായി ലേഖനങ്ങൾ എഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.