അട്ടപ്പാടി വട്ടലക്കി ഊരിൽ മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ ട്രസ്റ്റിന് 55 ഏക്കർ
text_fieldsകൊച്ചി: അട്ടപ്പാടിയിലെ വട്ടലക്കി ആദിവാസി ഊരിൽ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരുടെ ട്രസ്റ്റിന് 55 ഏക്കർ ഭൂമി സ്വന്തം. തിരുവനന്തപുരത്തെ ഹിന്ദു മിഷൻ റോഡിൽ പ്രവർത്തിക്കുന്ന വിദ്യാധിരാജ വിദ്യാ സമാജം എന്ന ട്രസ്റ്റിന്‍റെ കൈവശമാണ് ഭൂമി. വിദ്യാധിരാജ ട്രസ്റ്റിൻെറ ട്രസ്റ്റിയാണ് അദ്ദേഹം.
കഴിഞ്ഞ 38ലധികം വർഷമായി ഭൂമി ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലാണെന്നാണ് രാമചന്ദ്രൻ നായർ അവകാശപ്പെടുന്നത്. എച്ച്.ആർ.ഡി.എസ് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ ട്രസ്റ്റ് ഭൂമി കൈമാറിയെന്ന് രേഖപ്പെടുത്തിയത്. എച്ച്.ആർ.ഡി.എസ് ജെ.സി.ബിയുമായി ഭൂമി നിരപ്പാക്കാനെത്തിയപ്പോഴാണ് ഭൂമി അന്യാധീനപ്പെട്ട വിവരം ആദിവാസികൾ അറിഞ്ഞത്.
ഈ ഭൂമി എച്ച്.ആർ.ഡി.എസ് എന്ന സന്നദ്ധസംഘടനയുടെ കാർഷിക പ്രോജക്ടിന് ഔഷധസസ്യ കൃഷി ചെയ്യുന്നതിനാണ് നൽകിയത്. 1982 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങൾ പ്രകാരം ട്രസ്റ്റിന്‍റെ കൈവശമിരിക്കുന്ന ഭൂമിയാണെന്ന് അവർ അവകാശപ്പെടുന്നു. പൊലീസിന് നൽകിയ പരാതി പ്രകാരം കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നതിന് എച്ച്.ആർ.ഡി.എസ് പ്രവർത്തകർ എത്തിയപ്പോൾ ഈ ഭാഗത്ത് ആദിവാസികളുടെ ഭൂമിയുണ്ടെന്ന് അവകാശപ്പെട്ട് ഒരു കൂട്ടംആളുകൾ പണികൾ തടഞ്ഞു. ഭൂമിക്കുമേൽ അവർ തർക്കം ഉന്നയിക്കുകയും ചെയ്തു.
ട്രസ്റ്റിന്‍റെ പക്കലുള്ള രേഖകൾ പ്രകാരം ഈ വസ്തുവിൽ മറ്റാർക്കും യാതൊരുവിധ അവകാശങ്ങളുമില്ല. പിന്നീട് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. എച്ച്.ആർ.ഡി.എസിന്‍റെ മട്ടത്തുകാടുള്ള പ്രോജക്ട് ഓഫിസ് താൽക്കാലികമായി അടച്ചു. ഈ സാഹചര്യത്തിൽ ആദിവാസികളായ രവികുമാറിന്‍റെയും പ്രകാശിന്‍റെയും നേതൃത്വത്തിൽ ആദിവാസികൾ ലോക്ഡൗൺ മറയാക്കി വസ്തുവിൽ അതിക്രമിച്ചുകയറിയെന്ന് പരാതിയിൽ പറയുന്നു. കാടുവെട്ടിത്തെളിച്ച് അനധികൃത കൈയേറ്റം നടത്തി. ട്രസ്റ്റിന്‍റെ ഭൂമി സംരക്ഷിക്കണമെന്നും അത് അന്യാധീനപ്പെടാൻ അനുവദിക്കരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്നും അതിനാൽ ഭൂമി കൈയേറ്റം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ നൽകിയ പരാതി.
അതേസമയം, ആദിവാസികൾ പാരമ്പര്യമായി ആടുമാടുകളെ മേയ്ക്കുന്ന ഭൂമി ഊരിലെ ആദിവാസികളുടേതാണെന്ന് മുരുകൻ അടക്കമുള്ളവർ വാദിച്ചപ്പോൾ അതിനെതിരെ മണ്ണാർക്കാട് കോടതിയിൽ വിദ്യാധിരാജ ട്രസ്റ്റ് സെക്രട്ടറി ഡോ. ജയകുമാർ ഹരജി നൽകി. കോടതിയിൽനിന്ന് ജൂലൈ 30ന് താൽക്കാലിക ഉത്തരവ് സമ്പാദിച്ചു. ഉത്തരവ് പ്രകാരം വട്ടലക്കി ഊരിൽ താമസിക്കുന്ന ആദിവാസികളായ മുരുകൻ, സുരേഷ,് പ്രകാശ്, രവികുമാർ എന്നിവർ ഈ ഭൂമിയിലേക്ക് അതിക്രമിച്ച് കടക്കരുതെന്നാണ്. ഈ ഭൂമിയിൽ പണിക്കെത്തുന്ന ജോലിക്കാരെ തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
വട്ടലക്കി ഊരിലെ 22 കുടുബങ്ങളുടെ ഭൂമിയാണ് തട്ടിയെടുത്തതെന്നാണ് ആദിവാസികളുടെ വാദം. കഴിഞ്ഞ ആറു മാസം മുമ്പ് വരെ ആരും ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് വട്ടലക്കിയിൽ എത്തിയിരുന്നില്ല. മുരുകനും ഊരുമൂപ്പനും കോട്ടത്തറ വില്ലേജ് ഓഫിസിൽ ഭൂമിയുടെ രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശം അപേക്ഷ നൽകിയതിന്‍റെ അനന്തര ഫലമാണ് വട്ടലക്കിയിലെ സംഘർഷം. അട്ടപ്പാടിയിൽ നടക്കുന്ന ആദിവാസി ഭൂമി കൈയേറ്റമാണ് സർക്കാർ മറച്ചുപിടിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള പാത്രക്കുളം ഈ ട്രസ്റ്റ് കൈവശംവെച്ചിരിക്കുന്നത് മറ്റൊരു വിവാദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.