ഒഴിവാക്കലിനെതിരെ പരാതിയുമായി മുൻ ഡി.സി.സി അധ്യക്ഷന്മാർ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിൽ ഭാരവാഹിത്തത്തിലേക്ക് പരിഗണിക്കേണ്ടെന്ന തീരുമാനത്തിൽ സ്ഥാനമൊഴിഞ്ഞ ഡി.സി.സി അധ്യക്ഷന്മാർക്ക് അമർഷം. സംസ്ഥാന നേതൃത്വത്തെ ഒറ്റക്കും കൂട്ടമായും കണ്ട് അവർ അതൃപ്തി അറിയിച്ചു. പ്രവർത്തനപരിചയമുണ്ടായിട്ടും തഴയുന്നതിനെതിരെ ഹൈകമാൻഡിനെ സമീപിക്കാനും അവർ ആലോചിക്കുന്നു.
പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തോടെ സ്ഥാനം നഷ്ടമായവരെ തൽക്കാലം കെ.പി.സി.സി ഭാരവാഹിത്തത്തിലേക്ക് പരിഗണിക്കേണ്ടെന്നാണ് മുതിർന്ന നേതാക്കൾ ചർച്ച ചെയ്തുണ്ടാക്കിയ ധാരണ. ജംബോ കമ്മിറ്റി ഒഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ എല്ലാവർക്കും കെ.പി.സി.സിയിൽ പദവി നൽകാൻ കഴിയില്ല. മറിച്ചായാൽ അർഹരായ പലരെയും മാറ്റിനിർത്തേണ്ടിവരും. ഒരാളെ പരിഗണിക്കുകയും മറ്റൊരാളെ മാറ്റിനിർത്തുകയും ചെയ്യേണ്ടിവന്നാൽ അതൃപ്തിക്കും കാരണമാകും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് സ്ഥാനമൊഴിഞ്ഞ ഡി.സി.സി അധ്യക്ഷരെ തൽക്കാലം പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചത്. അതിനുപകരം അവരെയെല്ലാം കെ.പി.സി.സി എക്സിക്യൂട്ടിവിൽ സ്ഥിരം ക്ഷണിതാക്കളാക്കാമെന്നും ധാരണയിലെത്തിയിരുന്നു.
ഇത് അനീതിയാണെന്നാണ് സ്ഥാനമൊഴിഞ്ഞ ഡി.സി.സി അധ്യക്ഷന്മാരുടെ നിലപാട്. കഴിഞ്ഞദിവസം തലസ്ഥാനത്തെത്തിയ അവർ ഒരുമിച്ച് കെ.പി.സി.സി പ്രസിഡൻറിനെയും പ്രതിപക്ഷനേതാവിെനയും നേരിൽകണ്ട് പരാതി അറിയിച്ചു. ചിലർ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം തങ്ങളല്ലെന്നാണ് അന്ന് ഡി.സി.സി അധ്യക്ഷ പദത്തിലുണ്ടായിരുന്നവരുടെ നിലപാട്. ഡി.സി.സി അധ്യക്ഷരെന്ന നിലയിലെ തങ്ങളുടെ പരിചയം പ്രയോജനപ്പെടുത്തുന്നതിനുപകരം മാറ്റിനിർത്തിയാൽ അനീതിയാകും. എല്ലാവരെയും ഭാരവാഹികളാക്കാൻ സാധിക്കില്ലെങ്കിലും കഴിയുന്നിടത്തോളം പരിഗണിക്കണം. മറ്റുള്ളവർക്ക് അർഹമായ ചുമതലകൾ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
താരിഖ് അൻവർ ഇന്ന് എത്തും; കെ.പി.സി.സി പുനഃസംഘടന ചർച്ചയാകും
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനാചർച്ച സജീവമായിരിെക്ക സംസ്ഥാനത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുമായി ചർച്ചക്കുശേഷം രാത്രിയോടെ തിരുവനന്തപുരത്ത് എത്തും. തിങ്കളാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് മുൻനിര നേതാക്കളുമായി കൂടിയാലോചന നടത്തും. കെ.പി.സി.സി പുനഃസംഘടന സെപ്റ്റംബർ 30നകം പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് കൂടിയാലോചനകൾ. ജില്ലതല പര്യടനം നടത്തുന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ താരിഖ് അൻവറുമായുള്ള ചർച്ചക്ക് ഞായറാഴ്ച തലസ്ഥാനത്ത് എത്തും. ഞായറാഴ്ച നെയ്യാർഡാമിൽ പ്രവർത്തക ശിൽപശാലയുടെ സമാപന ചടങ്ങിലും താരിഖ് പെങ്കടുക്കും. ബൂത്ത് കമ്മിറ്റികൾക്ക് താഴെയായി കോൺഗ്രസ് അനുഭാവമുള്ള 25 മുതൽ 40 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി പുതിയതായി തുടങ്ങുന്ന അയൽക്കൂട്ട സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് പ്രവർത്തക ശിൽപശാല. ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത ആറ് പ്രവർത്തകർ വീതമാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.