മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു
text_fieldsകൊച്ചി: ഏഴാം കേരള നിയമസഭയിൽ െഡപ്യൂട്ടി സ്പീക്കറും കൊച്ചി മേയറുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്.ആർ.എം റോഡിലെ ഹംസക്കുഞ്ഞ് ലൈൻ കാട്ടിശ്ശേരി വീട്ടിൽ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അന്ത്യം.
1982 ജൂൺ 30 മുതൽ 86 ഒക്ടോബർ ഏഴുവരെയാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ചത്. മുസ്ലിം ലീഗ്, സി.പി.ഐ, ഡി.ഐ.സി, എൻ.സി.പി പാർട്ടികളിലായി പ്രവർത്തിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകാലം കോർപറേഷൻ കൗൺസിലറായിരുന്നു. കൊച്ചി കോർപറേഷൻ രൂപവത്കരണത്തിന് മുമ്പ് 1966ൽ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായാണ് ഭരണരംഗത്തേക്ക് എത്തുന്നത്.
മുസ്ലിം ലീഗിെൻറ തൊഴിലാളി യൂനിയനിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. 1967ൽ കൊച്ചി കോർപറേഷൻ രൂപവത്കരിച്ചതിന് ശേഷം 1969ൽ നടത്തിയ തെരഞ്ഞെടുപ്പിൽ കൗൺസിലറായി. 1973 മുതൽ രണ്ടര വർഷം മേയറായി. കേരള ടൂറിസം െഡവലപ്മെൻറ് കോർപറേഷൻ, ജി.സി.ഡി.എ അതോറിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കോർപറേഷൻ യോഗങ്ങളിൽ നർമം വിതറിയുള്ള പ്രസംഗത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹംസക്കുഞ്ഞ് തൃക്കണാർവട്ടം, കലൂർ നോർത്ത് മണ്ഡലങ്ങളിലായാണ് ജയിച്ചിരുന്നത്. 2020ൽ കാലാവധി അവസാനിച്ച കോർപറേഷൻ കൗൺസിലിലും അംഗമായിരുന്നു.
1975ൽ മുസ്ലിംലീഗ് എറണാകുളം ജില്ല സെക്രട്ടറിയായി. ലീഗ് സ്ഥാനാർഥിയായാണ് ഏഴാം നിയമസഭയിലേക്ക് മട്ടാഞ്ചേരിയിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ടത്. 1986ൽ രാഷ്ട്രീയ കാരണങ്ങളാൽ ഡെപ്യൂട്ടി സ്പീക്കർ പദവി രാജിെവച്ചു.
ഭാര്യ: നബീസ. മക്കൾ: മുഹമ്മദ് (സർവിസ് സ്റ്റേഷൻ, പൊറ്റക്കുഴി), മുംതാസ്. മരുമക്കൾ: റാബിയ, പരേതനായ വലിയവീട്ടിൽ സിദ്ദീഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.