കിളിരൂർ കേസിൽ വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി ശ്രീലേഖ; 'വി.ഐ.പി വിഷയത്തിൽ ലഭിച്ചത് വ്യാജ കത്ത്'
text_fieldsതിരുവനന്തപുരം: കിളിരൂർ കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി ആർ ശ്രീലേഖ. കേസിൽ വി.ഐ.പി ഉണ്ടെന്ന് കാണിച്ച് ഹൈക്കോടതി ജഡ്‌ജി ആയ ബസന്തിന് ലഭിച്ചത് വ്യാജ കത്തായിരുന്നുവെന്നാണ് മുൻ ഡി.ജി.പി പറയുന്നത്. ശ്രീലേഖയ്ക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. കവിയൂർ കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയായ ശ്രീകുമാരി എന്ന പേരിലാണ് കത്ത് ലഭിച്ചത്. എന്നാൽ അന്വേഷണത്തിൽ കിളിരൂർ കേസിലെ പെൺകുട്ടിയുടേയോ, കവിയൂർ കേസിലെ ഇരയുടെ കൂടെയോ അങ്ങനെയൊരു സഹപാഠി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതായി ശ്രീലേഖ പറഞ്ഞു.
മാധ്യമങ്ങൾ വി.ഐ.പി വിവാദത്തിന് പിന്നാലെ പോയി. കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ ഹൈക്കോടതി വെറുതെ വിട്ടപ്പോൾ മാധ്യമങ്ങൾ കാര്യമായെടുത്തില്ലെന്നും ശ്രീലേഖ പറഞ്ഞു. ആശുപത്രിയിൽ കിളിരൂർ കേസിൽ ഇരയായ പെൺകുട്ടിയുമായി താൻ സംസാരിച്ചിരുന്നു. ആലപ്പുഴയിലെ റിസോർട്ടിൽ രണ്ടുപേരെ കണ്ടോ എന്ന തന്റെ ചോദ്യത്തിന് കണ്ടിരുന്നു എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ലതാ നായർ ഈ രണ്ടു പേരേയും തനിക്ക് പരിചയപ്പെടുത്തി. ഇവർ ആരൊക്കെയാണെന്നും പെൺകുട്ടി പറഞ്ഞുവെന്നും യൂട്യൂബ് ചാനലിൽ ശ്രീലേഖ പറയുന്നു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓമന എന്ന സ്ത്രീ വീട്ടിൽ നിന്നും കൊണ്ടുപോവുകയും ശേഷം മദ്യം നൽകുകയും ശാരിയെ പലരും മാറി മാറി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കിളിരൂർ കേസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് ശാരി ഗർഭിണിയാകുകയും മറ്റ് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.