‘താൻ മുസ്‍ലിം തീവ്രവാദിയല്ലേടോ?, ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്ത് അകത്തിടണം’; അജിത് കുമാറിൽനിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് മുൻ എം.എസ്.എഫ് നേതാവ്
text_fieldsകാസർകോട്: 23 വർഷം മുമ്പ് കാസർകോട് എസ്.പിയായിരിക്കെ എം.ആർ അജിത്കുമാറിൽനിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് എം.എസ്.എഫ് മുൻ ജില്ല സെക്രട്ടറിയും കാസർകോട് ഗവ. കോളജ് മുൻ യൂനിയൻ ചെയർമാനുമായ കരീം കുണിയ. എം.എസ്.എഫ് കലക്ടറേറ്റ് മാർച്ചിനുള്ള അനുമതിക്കായി സമീപിച്ചപ്പോൾ, ‘പെർമിഷനൊന്നും കൊടുക്കണ്ട,
ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ’ എന്നായിരുന്നു മറ്റൊരു പൊലീസുകാരനോട് പറഞ്ഞതെന്നും താൻ എം.എസ്.എഫ് ജില്ലാ സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോൾ, ‘അതിനെന്താ... താൻ മുസ്‍ലിം തീവ്രവാദിയല്ലേടോ എന്നായിരുന്നു’ മറുപടിയെന്നും കരീം ഫേസ്ബുക്കിൽ കുറിച്ചു.
പ്രശ്നക്കാരനൊന്നുമല്ലെന്ന് അടുത്തുള്ള പൊലീസുകാരൻ പറഞ്ഞപ്പോൾ, എന്തെങ്കിലും വിഷയം ഉണ്ടായാൽ തന്നെ ചവിട്ടിക്കൂട്ടി അകത്തിടുമെന്നും പിന്നെ പുറംലോകം കാണില്ലെന്നുമായിരുന്നു ഭീഷണി. തന്റെ കോളജിലെയും വീട്ടിലെയും അഡ്രസ്സും ഫോൺ നമ്പറും എഴുതി വെക്കണമെന്നും എന്തെങ്കിലും ഉണ്ടായാൽ ഇവന്റെ ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്ത് അകത്തിടണമെന്നും അന്ന് അജിത് കുമാർ പൊലീസുകാരന് നിർദേശം നൽകിയെന്നും കുറിപ്പിൽ ആരോപണമുണ്ട്.
ക്രൂരനായ പൊലീസ് ഓഫിസറുടെ ‘ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ, താൻ മുസ്‍ലിം തീവ്രവാദിയല്ലെടോ’ എന്നിങ്ങനെയുള്ള ഉള്ളിലെ വിഷം പുറത്ത് ചാടിയതാണ് അന്ന് 20 വയസ്സുകാരന്റെ മനസ്സിൽ പതിഞ്ഞതെന്നും അയാളെ പി.വി അൻവർ പൊതുസമൂഹത്തിൽ തുറന്നുകാട്ടിയപ്പോൾ ടി.വിക്ക് മുന്നിലിരുന്ന് അറിയാതെ കൈയടിച്ചു പോയിട്ടുണ്ടെങ്കിൽ, 23 കൊല്ലം കഴിഞ്ഞിട്ടും ആ പഴയ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് സമ്മാനിച്ച മുറിവ് മായാത്തത് കൊണ്ടാണെന്നും കരീം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഹും എന്താടാ... പെർമിഷന്റെ അപേക്ഷയാണ്.
എന്ത് പെർമിഷൻ..?
കലക്ടറേറ്റ് മാർച്ച്.
ആരുടെ?
msfന്റെ.
പെർമിഷനൊന്നും കൊടുക്കണ്ട.
"ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ..." എനിക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഓഫിസറോടാണ് കൽപന.
സർ, ഞാൻ msfന്റെ ജില്ലാ ജനറൽ സെക്രട്ടറിയാണ്. കാസർഗോഡ് ഗവ. കോളജ് യൂനിയൻ ചെയർമാൻ കൂടിയാണ്.
"അതിനെന്താ... താൻ മുസ്‍ലിം തീവ്രവാദിയല്ലേടോ...?"
സർ..
ഞാൻ മറുപടി പറയാൻ തുനിയുന്നത് കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ കണ്ണിറുക്കി കാണിച്ചു.
ആ ഓഫിസറോട് വിശദീകരിച്ചു.
"സർ, ശ്രീജിത്ത് സർ (എസ്. ശ്രീജിത്ത് IPS) ഉള്ളപ്പോൾ കോളജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്‌ഥിരമായി വരുന്നതാണ്. പ്രശ്നക്കാരനൊന്നുമല്ല".
ഒന്ന് കനപ്പിച്ചു മൂളി, രൂക്ഷമായി എന്നെ നോക്കി
"എന്തെങ്കിലും വിഷയം ഉണ്ടായാൽ തന്നെ ഞാൻ ചവിട്ടിക്കൂട്ടി അകത്തിടും. പിന്നെ പുറംലോകം കാണില്ല.."
ഞാൻ മറുപടി പറഞ്ഞില്ല.
കൂടെയുണ്ടായിരുന്ന ആ പൊലീസുകാരൻ ഒരിക്കൽ കൂടി ദയനീയമായി എന്റെ മുഖത്തേക്ക് നോക്കി...
"ഇവന്റെ കോളജിലെയും വീട്ടിലെയും അഡ്രസ്സും ഫോൺ നമ്പറും എഴുതി വെക്കണം. എന്തെങ്കിലും ഉണ്ടായാൽ ഇവന്റെ ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്തു അകത്തിടണം." കൽപന മുഴുവൻ പെർമിഷന്റെ പേപ്പറുമായി എന്റെ കൂടെ നിൽക്കുന്ന പൊലീസുകാരനോട്..
പിന്നെ എന്റെ നേരെ തിരിഞ്ഞു, "ഏതാടോ നിന്റെ സ്റ്റേഷൻ?"
ബേക്കൽ.
പിന്നെ പൊലീസുകാരനോട് അടുത്ത കൽപന.
"അവിടെ വിളിച്ചു പറയണം. പരിപാടി നടക്കുന്ന ദിവസം ഇവന്റെ വീടിന്റെ സമീപത്ത് അവരോട് നിൽക്കാൻ പറയണം." എന്നിട്ട് കൊടുത്താൽ മതി.
ഷിർട്ടിന്റെ കൈ ഒന്നുകൂടി മടക്കി വെച്ച് അദ്ദേഹം എസ്.പി ഓഫിസിന്റെ മുന്നിലെ വരാന്തയിൽനിന്ന് താഴേക്ക് ഇറങ്ങിപ്പോയി.
ആ പൊലീസുകാരൻ എന്റെ തോളിൽ തട്ടി. അരനുജനോടെന്ന പോലെ ചേർത്തുപിടിച്ചു പറഞ്ഞു.
"എസ്.പി സർ പറഞ്ഞത് കാര്യമാക്കണ്ട, പുതിയ ആളാണ്.
നീ ഈ കാര്യം ചെർക്കളം സാറിനോടും (ചെർക്കളം അബ്ദുല്ല സാഹിബ്) സി.ടി സാറിനോടും (സി.ടി അഹമ്മദ് അലി സാഹിബ്) ഒന്നും പറഞ്ഞു പ്രശ്നമുണ്ടാക്കേണ്ട."
മറുപടി ഒന്നും പറയാതിരുന്ന എന്നെ പിടിച്ചു നിർത്തി.
"പ്രശ്നം ആയാൽ അത് എനിക്കും കൂടി പ്രശ്നമാണ്. എനിക്ക് ഡിപ്പാർട്മെന്റിന്റെ കൂടെ നിൽക്കേണ്ടി വരും.
ഇങ്ങനെ ഒരു സംഭവം ഇല്ലെന്ന് കള്ളം പറയേണ്ടി വരും.
അന്ന് എന്റെ പ്രായം 20-21വയസ്സ്. പൂർണ പക്വത ഇല്ലാത്ത, എടുത്തു ചാട്ടക്കാരനായ, മുകളിൽ ആകാശവും താഴെ ഭൂമിയും എന്ന് മാത്രം ചിന്തിച്ചിരുന്ന 20 വയസ്സുകാരന്റെ മനസ്സിൽ പതിഞ്ഞ ക്രൂരനായ പൊലീസ് ഓഫിസർ.
പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി പൊലീസ് സ്റ്റേഷനിൽ കയറുന്നത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ. പിന്നീടങ്ങോട്ട് വിദ്യാർഥി രാഷ്ട്രീയത്തിനിടെ ജില്ലയിലെ നാലോളം സ്റ്റേഷനിൽ പതിനേഴോളം കേസുകൾ..
ജാമ്യം ഉള്ളതും ഇല്ലാത്തതും. പൊലീസിന്റെ വണ്ടിയിൽനിന്ന് തുടങ്ങി, നടയടികിട്ടിയതും, ലോക്കപ്പിൽ നിന്നും സബ് ജയിലിൽനിന്ന് പോലും കിട്ടിയ മർദനങ്ങൾ.
"ചവിട്ടി കൂട്ടലും" "പുറം ലോകം കാണാതിരിക്കലും" "ഉപ്പയെയും ഉമ്മയെയും പിടിച്ചു അകത്തിടലും" മണ്ണപ്പം ചുട്ടു കളിക്കുന്ന കുഞ്ഞാണ് മുന്നിൽ നിൽക്കുന്നത് എന്ന ധാരണയിൽ ആയിരിക്കും. കണ്ണുരുട്ടിയാൽ നിക്കറിൽ മുള്ളുമെന്ന് തെറ്റിദ്ധരിച്ച പാവം ജില്ലാ പൊലീസ് സൂപ്രണ്ട്...
കമീഷണർ സിനിമ കണ്ടിട്ടാകാം, ഭരത് ചന്ദ്രൻ ഐ.പി.എസ് മാതൃകയിൽ ഡയലോഗ് പറഞ്ഞത്. ആ ഡയലോഗുകൾ അല്ല മനസ്സിൽ തറഞ്ഞത്, "ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ " "താൻ മുസ്‍ലിം തീവ്രവാദിയല്ലെടോ " എന്നുള്ള അയാളുടെ ഉള്ളിലെ വിഷം പുറത്ത് ചാടിയപ്പോഴായിരുന്നു..
msfന്റെ ജില്ലാ ജനറൽ സെക്രട്ടറി എന്നതോ, ജില്ലയിലെ ഏറ്റവും വലിയ ഗവ. കോളജിലെ യൂനിയൻ ചെയർമാൻ എന്ന പരിഗണനയൊന്നും വേണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നത് കൊലപാതക കുറ്റത്തിനോ രാജ്യദ്രോഹത്തിനോ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയോ ആയിരുന്നില്ല. ഒരു മാർച്ച് നടത്താൻ പൊലീസ് പെർമിഷന് വേണ്ടി അപേക്ഷയുമായി മുന്നിൽ നിൽക്കുന്ന ഒരു അപേക്ഷകൻ.
1300 വിദ്യാർഥികൾ പഠിക്കുന്ന ഒരു കോളജിൽ, 150ൽ താഴെ മാത്രം മുസ്‍ലിം വിദ്യാർത്ഥികളുള്ള, 120ൽ താഴെ മാത്രം msfന് മെമ്പർഷിപ്പ് ഉണ്ടായിരുന്ന, ബാക്കി വരുന്ന ആയിരത്തിൽ കൂടുതൽ ഹൈന്ദവ-ക്രൈസ്തവ മത വിശ്വാസികളായ വിദ്യാർത്ഥികളുടെ വോട്ട് നേടി കാസർകോട് ഗവ. കോളജിന്റെ 45 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ msfകാരനായ ചെയർമാൻ ആയി ഞാൻ തെരെഞ്ഞെടുക്കപ്പെട്ടത് തനി മുസ്‍ലിം വർഗീയവാദിയും തീവ്രവാദിയും ആയത് കൊണ്ടായിരുന്നു. തുടർച്ചയായി രണ്ട് വട്ടം തെരെഞ്ഞെടുത്തത് വിശ്വസിക്കാൻ കൊള്ളാത്തവറ്റകളിൽ പെട്ടവനായത് കൊണ്ടായിരുന്നു.
ബിൻലാദൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടക്കുന്നതിന് മുൻപ്, മുസ്‍ലിം തീവ്രവാദം ചർച്ച ചെയ്യപ്പെടുന്നതിനു മുമ്പ്, ഒരു പരിചയവുമില്ലാത്ത, വിദ്യാർഥിയായ എന്റെ മുഖത്തു നോക്കി "മുസ്‍ലിം തീവ്രവാദി " എന്ന് വിളിച്ച ആ പരമ നാറിയായ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ പേരാണ് എം.ആർ അജിത് കുമാർ ഐ.പി.എസ്.
വ്യക്തിപരമായും അല്ലാതെയും ബന്ധം കാത്ത് സൂക്ഷിക്കുന്ന ജില്ലയിലെ എത്രയോ പൊലീസ് ഉദ്യോഗസ്ഥർ..സാധാരണ സിവിൽ പൊലീസ് ഓഫിസർ മുതൽ ഇന്ന് സ്റ്റേറ്റിന്റെ തലപ്പത്തിരിക്കുന്ന ചിലർ വരെ. അവരുടെ പദവിക്കും മുകളിൽ മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തവർ. ഏട്ടനെപോലെ അങ്ങോട്ടും കൂടെപ്പിറപ്പിനെ പോലെ ഇങ്ങോട്ടും സ്നേഹവും കരുതലും തന്നവർ... എത്രയോ പേർ സർവിസിൽ നിന്ന് വിരമിച്ചു. എത്രയോ ആളുകൾ ഇപ്പോഴുമുണ്ട്. എന്നാൽ, രണ്ട് പതിറ്റാണ്ട് കാലത്തെ വിദ്യാർഥി-പൊതുപ്രവർത്തനത്തിനിടയിൽ ഇത് പോലെ, ഇത്രമേൽ ഹൃദയത്തിൽ തറച്ചുപോയ ദുരനുഭവം ഉണ്ടായത് നാലോ അഞ്ചോ പൊലീസ് ഓഫിസർമാരിൽനിന്ന് മാത്രം...
പി.വി അൻവർ MLA ക്ക് അദ്ദേഹത്തിന്റെതായ ലക്ഷ്യങ്ങൾ ഉണ്ടാകാം. എന്നിട്ടും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളം കൂടിയായ തൃശൂർ പൂരം കലക്കിയ പൊലീസ് വേഷം കെട്ടിയ പൂരം കലക്കിയായ ദാവൂദ് ഇബ്രാഹിമിനെ പൊതുസമൂഹത്തിൽ തുറന്നു കാട്ടിയപ്പോൾ ടി.വിക്ക് മുന്നിലിരുന്ന് അറിയാതെ കൈയടിച്ചു പോയിട്ടുണ്ടെങ്കിൽ...! 23 കൊല്ലം കഴിഞ്ഞിട്ടും ആ പഴയ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് സമ്മാനിച്ച മുറിവ് മായാത്തത് കൊണ്ടാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.