അഭിഭാഷകന്‍റെ മുൻകൂർജാമ്യ ഹരജി: പീഡനത്തിനിരയായ യുവതിയെ കക്ഷിചേർത്തു
text_fieldsകൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ പി.ജി. മനു നൽകിയ മുൻകൂർജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി. ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്.
പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കേസിൽ കക്ഷി ചേരാൻ ഇരയായ യുവതിയും ഹരജി നൽകി. നിയമ സഹായത്തിനായി അഭിഭാഷകനെ സമീപിച്ച തന്നെ അധികാരം ദുരുപയോഗം ചെയ്തും തന്‍റെ സമ്മതമില്ലാതെയും പീഡനത്തിനിരയാക്കിയെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഹരജിയിലെ ആവശ്യം. ഇതനുവദിച്ച കോടതി, ഹരജി വീണ്ടും ഡിസംബർ 12ന് പരിഗണിക്കാൻ മാറ്റി.
മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്നിൽ നിന്നുണ്ടായിട്ടില്ലെന്നുമാണ് മുൻകൂർജാമ്യ ഹരജിയിൽ മനുവിന്‍റെ വാദം. ജോലിസംബന്ധമായ ശത്രുതയെത്തുടർന്ന് തന്‍റെ അന്തസ്സും സൽപേരും തകർക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായി യുവതി നൽകിയ വ്യാജ പരാതിയാണിതെന്നും പറയുന്നു.
എന്നാൽ, ഇയാൾ പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും രണ്ടുതവണ ബലാത്സംഗം ചെയ്തെന്നും യുവതിയുടെ ഹരജിയിൽ ആരോപിക്കുന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജഡ്ജി പാനലിൽ ഉൾപ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണിൽ വിളിച്ച് ഇയാൾ അഭ്യർഥിച്ചു. ഇതിന്‍റെ ശബ്ദരേഖയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ഡോക്ടറുടെ ഭാഗത്തുനിന്നും അപമാനമുണ്ടായി. മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടിയുംവന്നു.
ബലം പ്രയോഗിച്ചെടുത്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതി പ്രചരിപ്പിക്കാൻ സാധ്യതയുണ്ട്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ ഹരജിയിൽ കക്ഷിചേർക്കണമെന്നും പ്രതിയുടെ ഫോണടക്കം സാമഗ്രികൾ പിടിച്ചെടുക്കണമെന്നും യുവതി ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.