മുൻ ഹരിത നേതാക്കൾ മോഫിയയുടെ കുടുംബത്തെ സന്ദർശിച്ചു
text_fieldsആലുവ: ആത്മഹത്യ ചെയ്ത മോഫിയ പർവീന്‍റെ കുടുംബത്തെ മുൻ ഹരിത നേതാക്കൾ സന്ദർശിച്ചു. എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹലിയ, മുൻ ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നി, സെക്രട്ടറി നജ്മ തബ്ഷീറ, മിന ഫർസാന, വാർഡ് അംഗം സാഹിദ അബ്ദുൽ സലാം എന്നിവരാണ് കുടുംബത്തെ കാണാനെത്തിയത്.
മോഫിയയുടേത് കേവല മാനസിക സംഘർഷത്തിന്‍റെ വിഷയമെന്നതിനപ്പുറം ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ അതിക്രൂരമായ അവഗണനയും നീതിനിഷേധവുമാണെന്ന് സംഘം ആരോപിച്ചു. അതിനാൽ തന്നെ പൂർണമായും പെൺകുട്ടിക്ക് നീതി ലഭ്യമാവുന്ന തരത്തിൽ, മോശമായി പെരുമാറിയ പൊലീസുകാരനെതിരെ നടപടിയെടുകണം. മോഫിയ കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും, കേരളത്തിൽ അടുത്ത കാലത്തായി വൈവാഹിക ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ മൂലവും, കുടുംബ ജീവിതത്തിനുള്ളിലെ സംഘർഷം മൂലവും ഒരുപാടു യുവതീ യുവാക്കളിൽ ആത്മഹത്യ വർധിച്ചു വരുന്നതായി കാണുന്നുണ്ടെന്നും ഫലപ്രദമായി ഇവയെ ചെറുക്കാൻ സർക്കാരിൻറെ നേതൃത്വത്തിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാവണം.
വിദ്യഭ്യാസം കേവലം അക്ഷരങ്ങളിലേക്ക് ചുരുങ്ങുന്നതു കൊണ്ടും, ധാർമികതയിലേക്കും പ്രായോഗികതയിലേക്കും വളരാത്തതു മൂലമാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ആവർത്തിക്കപ്പെടുന്നത്. അതിനായി കരിക്കുലം തലത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടു വരേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്വമാണെന്നും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.