മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്. ശങ്കരസുബ്ബൻ നിര്യാതനായി
text_fieldsകൊച്ചി: മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്. ശങ്കരസുബ്ബൻ (79) നിര്യാതനായി. തൃശൂർ പുഴയ്ക്കലിലെ ശോഭാ സിറ്റി സഫയറിലായിരുന്നു താമസം. കുടുംബസമേതം അവധിക്കാലം ആഘോഷിക്കാൻ ഷിംലയിലേക്കുപോയ അദ്ദേഹം ഹൃദയാഘാതത്തെത്തുടർന്ന് അവിടെയാണ് മരിച്ചത്.
ഞായറാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം അങ്കമാലിയിലെ ജുഡീഷ്യൽ അക്കാദമിയിൽ പൊതുദർശനത്തിനുവെച്ചശേഷം തൃശൂരിലേക്ക് കൊണ്ടുപോകും. 1996 മുതൽ 10 വർഷം കേരള ഹൈകോടതിയിൽ ജഡ്ജിയായിരുന്നു. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കൾ: എസ്. ശങ്കർ രാജേഷ് (എൻജിനീയർ, യു.എസ്.എ), അഡ്വ. മഹേഷ് സഹസ്രനാമൻ (സുപ്രീം കോടതി അഭിഭാഷകൻ). മരുമക്കൾ: പ്രീതി (യു.എസ്.എ), ദീപ കാമാക്ഷി (ആർക്കിടെക്ട്, തൃശൂർ).
പരേതരായ ടി.എസ്. ശങ്കറിന്റെയും പൊന്നമ്മാളിന്റെയും മകനായി 1944 മേയ് 23ന് തിരുവനന്തപുരത്താണ് ജനനം. നിയമബിരുദം നേടിയ ശേഷം 1968ൽ തിരുവനന്തപുരത്ത് എസ്. ശങ്കരയ്യരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1972ൽ പ്രാക്ടീസ് ഹൈകോടതിയിലേക്ക് മാറ്റി.
കെ.എസ്.ആർ.ടി.സി, ട്രിവാൻഡ്രം റബർ വർക്സ്, ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെ അഭിഭാഷകനായിരുന്നു. 1996 ജനുവരി 17നാണ് കേരള ഹൈകോടതിയിൽ ജഡ്ജിയായി നിയമിതനായത്. ശബരിമല തീർഥാടനം സുഗമമാക്കുന്നതിന് സഹായകരമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
2006 മേയ് 23ന് വിരമിച്ചു. ജസ്റ്റിസ് ശങ്കരസുബ്ബന്റെ പിതൃസഹോദരന്മാരായ ജസ്റ്റിസ് ടി.എസ്. കൃഷ്ണമൂർത്തിയും ജസ്റ്റിസ് എസ്. പത്മനാഭനും യഥാക്രമം കേരള ഹൈകോടതിയിലും മദ്രാസ് ഹൈകോടതിയിലും ജഡ്ജിമാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.