ജയിലിലെ വി.ഐ.പി, സുഖവാസ ജീവിതം, മേയ്ക്കപ്പ് സാധനങ്ങളും പ്രത്യേക വസ്ത്രങ്ങളും ഫോണും കിടക്കയും നൽകി; ഷെറിനെതിരെ സഹ തടവുകാരി
text_fieldsതിരുവനന്തപുരം: കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ സുഖവാസമായിരുന്നുവെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തൽ. അട്ടക്കുളങ്ങര ജയിലിൽ മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ലഭിച്ചതായും സഹതടവുകാരിയായ സുനിത പറഞ്ഞു. ജയിലിൽ വഴിവിട്ട സഹായമാണ് അവർക്ക് ലഭിച്ചത്. മറ്റ് തടവുകാരെ പോലെയായിരുന്നില്ല ഷെറിനെന്നും പ്രത്യേക പരിഗണനയായിരുന്നെന്നും സുനിത പറഞ്ഞു.
അന്നത്തെ ജയിൽ ഡി.ജി.പിയുമായും ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഗണേഷ്‍കുമാറുമായി ബന്ധമുണ്ടെന്ന കാര്യം ഷെറിൻ തുറന്നു പറയുകയും ചെയ്തിരുന്നു. ഷെറിന് വി.ഐ.പി പരിഗണന നൽകിയത് അന്നത്തെ ജയിൽ ഡി.ഐ.ജി പ്രദീപ് ആണെന്നും സുനിത ആരോപിച്ചു.
2015ൽ ഷെറിന്റെ സുഖവാസ ജീവിതത്തിനെതിരെ പരാതി നൽകി. എന്നാൽ ഷെറിനെതിരെ പരാതി നൽകിയതിന് തനിക്ക് ഭീഷണിയുണ്ടായെന്നും സുനിത പറഞ്ഞു. ജയിൽ സൂപ്രണ്ടും ഡി.ജെ.ജി പ്രദീപുമാണ് ഭീഷണിപ്പെടുത്തിയത്.
2013നു ശേഷമാണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലിൽ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിൻ. ഷെറിന് വസ്ത്രങ്ങളടക്കമുള്ള പല സൗകര്യങ്ങളും സെല്ലിൽ ലഭിച്ചു. പല ദിവസങ്ങളിലും രാത്രി ഏഴുമണിക്കു ശേഷം ഷെറിനെ പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് തിരികെ കൊണ്ടുവരാറുള്ളതെന്നും സുനിത പറഞ്ഞു.
മാത്രമല്ല, ഭക്ഷണത്തിനായി ഷെറിന് ക്യൂ നിൽക്കേണ്ടതില്ല. മൂന്നുനേരം അവർ പറയുന്ന ഭക്ഷണം ജയിൽ ജീവനക്കാർ പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരും. തടവുകാർ ധരിക്കുന്ന വസ്‍ത്രവും ധരിക്കേണ്ടി വന്നില്ല. കിടക്കാൻ പ്രത്യേകം കിടക്കയും തലയണയും നൽകി. സാധാരണ തടവുകാർക്ക് പായയും തലയണയുമാണ് ലഭിക്കാറുള്ളത്.
ആഴ്ചയിലൊരു ദിവസം വൈകീട്ട് ഡി.ഐ.ജി പ്രദീപ് ഷെറിനെ കാണാൻ വരും. അന്ന് ഏഴുമണിക്ക് ഷെറിന് ഇറക്കിയാൽ രണ്ടുമണിക്കൂർ കഴിഞ്ഞാണ് തിരികെ എത്തിക്കുക.
ഇതിനെല്ലാം എതിരെ അന്നത്തെ ജയിൽ ഡി.ജി.പി ടി.പി. സെൻകുമാറിനും പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും സുനിത ആരോപിക്കുന്നു. പകരം അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുകയാണെന്നാരോപിച്ച് നടപടിയെടുക്കുമെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുകയാണുണ്ടായത്. കൊലക്കുറ്റത്തിന് പുറമെ, കവർച്ചകുറ്റവും ഷെറിന്റെ പേരിലുണ്ട്. അങ്ങനെയുള്ളവർക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ ഷെറിന് പരോൾ ലഭിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ സൗകര്യങ്ങൾ ഒരുക്കിയ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
അത് താൽകാലിക നടപടി മാത്രമായിരുന്നു. വീണ്ടും വിവരാവാകാശ നിയമപ്രകാരംവിവരങ്ങൾ ആരാഞ്ഞപ്പോൾ ഷെറിനെ അട്ടക്കുളങ്ങരയിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയെന്നും സുനിത പറഞ്ഞു.
ഷെറിൻ ഇറങ്ങുന്നതിൽ പരാതിയില്ലെന്നും എന്നാൽ വർഷങ്ങളായി ജയിലിൽ കിടക്കുന്നവരുണ്ടെന്നും കാഴ്ചയില്ലാത്തവർ പോലും അക്കൂട്ടത്തിലുണ്ടെന്നും അവർക്കും നീതി ലഭിക്കണമെന്നും സുനിത ആവശ്യപ്പെട്ടു. മന്ത്രിസഭ യോഗം ഷെറിന് ശിക്ഷായിളവ് ശിപാർശ ചെയ്തതിന് പിന്നാലെയാണ് സുനിത വെളിപ്പെടുത്തലുമായി എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.