കാര്‍ഷിക ശാസ്ത്രജ്ഞൻ കെ.വി. പീറ്റര്‍ അന്തരിച്ചു
text_fieldsതൃശൂര്‍: കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും അധ്യാപകനും കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. കെ.വി. പീറ്റര്‍ (74) അന്തരിച്ചു. കേരളത്തില്‍ ശാസ്ത്രീയ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിലും ജനകീയമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസിന്റെ സഹോദരനാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ട് 5.30നായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച മൂന്നിന് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലത്തീന്‍ പള്ളി സെമിത്തേരിയില്‍.
1948 മേയ് 17ന് എറണാകുളം കുമ്പളങ്ങിയില്‍ ജനനം. കേരള യൂനിവേഴ്സിറ്റിക്കു കീഴിലുള്ള കോളജ് ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദവും ജി.ബി പന്ത് യൂനിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജിയില്‍നിന്ന് എം.എസ്സിയും പിഎച്ച്.ഡിയും നേടി. ജി.ബി. പന്ത് യൂനിവേഴ്സിറ്റിയില്‍ അസി. പ്രഫസർ, കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ പ്രഫസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് ഡയറക്ടര്‍, കാര്‍ഷിക സര്‍വകലാശാല റിസര്‍ച്ച് ഡയറക്ടര്‍, കാര്‍ഷിക സര്‍വകലാശാല വി.സി, ചെന്നൈയിലെ വേള്‍ഡ് നോനി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ന്യൂഡല്‍ഹിയിലെ നാഷനല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ്, അലഹബാദ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ജനറ്റിക്സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്, വാരാണസിയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് വെജിറ്റബ്ള്‍ സയന്‍സ് എന്നിവിടങ്ങില്‍ ഫെലോ ആയും പ്രവര്‍ത്തിച്ചു.
കേരള കാര്‍ഷിക സര്‍വകലാശാലയിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തെ ഇന്ത്യന്‍ കാര്‍ഷിക സര്‍വകലാശാലകളിലെ മികച്ച വകുപ്പുകളിലൊന്നാക്കാന് കെ.വി. പീറ്ററിനു കഴിഞ്ഞു. മികച്ച പച്ചക്കറിയിനങ്ങള്‍ വികസിപ്പിക്കാന്‍ നേതൃത്വം നല്കി. പച്ചക്കറി പ്രജനന മികവ് കണക്കിലെടുത്താണ് അദ്ദേഹത്തെ കാര്‍ഷിക സര്‍വകലാശാലയില്‍ എത്തിച്ചത്. ഐ.സി.എ.ആറിന്റെ നിരവധി ദേശീയ സമിതികളില്‍ അംഗമായിരുന്നു. ഡോ. ഹര്ഭജന് സിങ് അവാര്‍ഡ്, റാഫി അഹമ്മദ് കിദ്വായ് പുരസ്കാരം, സില്‍വര്‍ ജൂബിലി മെഡല്‍, ഡോ. എം.എച്ച്. മാരിഗൗഡ നാഷനല്‍ അവാര്‍ഡ്, എച്ച്.എസ്.ഐ ശിവശക്തി ലൈഫ്ടൈം പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ നേടി. ഭാര്യ: വിമല. മക്കള്‍: അന്‍വര്‍, അജയ്. മരുമക്കള്‍: അനു, സൈനാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.