ഇനി പുതുപ്പള്ളിയിലേക്ക്; പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ ജനസാഗരം
text_fieldsതിരുവനന്തപുരം: ഒടുവിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും യാത്രതിരിച്ചു. സഹപ്രവർത്തകരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയാണ് പുതുപ്പള്ളി ഹൗസിൽ നിന്നുള്ള അന്ത്യയാത്ര. പ്രിയ നേതാവിനെ അവസാനമായി കാണാൻ ഇടമുറിയാതെ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഏവർക്കും നേതാവിെൻറ കരുതലിെൻറ കഥയാണ് ഏറെയും പറയാനുള്ളത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഏഴ് മണിക്ക് തുടങ്ങി. മന്ത്രി വി.എൻ. വാസവൻ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴിയാണ് കോട്ടയത്ത് എത്തുക. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം നടക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കുമെന്നാണ് അറിയുന്നത്.
എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെയാണ് അന്ത്യശുശ്രൂഷകൾ ആരംഭിക്കുക.
അർബുദത്തിനു ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ബംഗളൂരുവിൽനിന്നു മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ചു. ശേഷം വിലാപയാത്രയായി സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുകയായിരുന്നു.
ഇതിനിടെ, വിലാപ യാത്ര എത്താനിരിക്കെ കോട്ടയം നഗരത്തിലും പുതുപ്പള്ളിയിലും ശക്തമായ മഴയാണുള്ളത്. മഴയെ അവഗണിച്ചും ഉമ്മൻ ചാണ്ടിക്ക് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് കോട്ടയം. കോട്ടയത്തുകാർക്ക് മഴ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനെത്തുന്ന എല്ലാവർക്കും അദ്ദേഹത്തെ ഒരുനോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുകയാണ്. കോട്ടയത്ത് മഴ തുടർന്നാൽ തിരുനക്കര മൈതാനത്തെ പൊതുദർശനമടക്കം വൈകിയേക്കാനും സാധ്യതയുണ്ട്. വിലാപയാത്ര പുതുപ്പള്ളിയിലെത്താൻ വൈകിയേക്കുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
ജീവിത രേഖ
ജനനം 1943 ഒക്ടോബർ 31.
മാതാപിതാക്കൾ:
കെ.ഒ. ചാണ്ടി-ബേബി ചാണ്ടി
പഠനം: പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ്,
എറണാകുളം ലോ കോളജ്
വിദ്യാഭ്യാസ യോഗ്യത:
ബി.എ, എൽ.എൽ.ബി
1962-1963: കെ.എസ്.യു.
കോട്ടയം ജില്ലാ സെക്രട്ടറി
1965: കെ.എസ്.യു
സംസ്ഥാന ജനറൽ സെക്രട്ടറി
1967:- കെ.എസ്.യു
സംസ്ഥാന പ്രസിഡന്റ്
1969 :യൂത്ത് കോൺഗ്രസ്
സംസ്ഥാന പ്രസിഡന്റ്
1982-1986: യു.ഡി.എഫ്.
കൺവീനർ
2001-2004:
യു.ഡി.എഫ്. കൺവീനർ നിയമസഭ മത്സരം,
എതിരാളി, ഭൂരിപക്ഷം
1970: ഇ.എം. ജോർജ്- 7288
1977: പി.സി. ചെറിയാൻ- 15910
1980: എം.ആർ.ജി പണിക്കർ -13,659
1982: തോമസ് രാജൻ- 15983
1987: വി.എൻ. വാസവൻ- 9164
1991: വി.എൻ. വാസവൻ- 13,811
1996: റെജി സക്കറിയ- 10,155
2001: ചെറിയാൻ ഫിലിപ്പ് -12,575
2006: സിന്ധു ജോയി-19,863
2011: സുജ സൂസൻ ജോർജ് -33,255
2016: ജെയ്ക്ക് സി. തോമസ് -27,092
2021: ജെയ്ക്ക് സി. തോമസ് -9,044 മന്ത്രി പദവി
1977 ഏപ്രിൽ 11-1977
ഏപ്രിൽ 25 (തൊഴിൽ)
1977 ഏപ്രിൽ 27-1978
ഒക്ടോബർ 27 (തൊഴിൽ)
1981 ഡിസംബർ 28-1982
മാർച്ച് 17 (ആഭ്യന്തരം)
1991 ജൂലൈ 2-1994 ജൂൺ 22 (ധനകാര്യം) മുഖ്യമന്ത്രി പദവി
2004 ആഗസ്റ്റ് 31-2006 മേയ് 12
2011 മേയ് 18-2016 മേയ് 20
പ്രതിപക്ഷ നേതാവ്
2006 മേയ് 18-2011 മേയ് 14
കുടുബം
ഭാര്യ: മറിയാമ്മ
മക്കൾ: മറിയം, അച്ചു, ചാണ്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.