മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു
text_fieldsകോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2004ൽ എ.ഐ.സി.സി അംഗവും 1970 മുതൽ 2017 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. ആറു തവണ എം.എൽ.എയായിരുന്ന രാമചന്ദ്രൻ മാസ്റ്റർ, എ.കെ. ആന്‍റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ ഭക്ഷ്യ, പൊതുവിതരണ, ആരോഗ്യ വകുപ്പുകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
1991, 96, 2001 വർഷങ്ങളിൽ കൽപ്പറ്റ, 1980, 82, 87 വർഷങ്ങളിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. 2006ൽ കൽപ്പറ്റയിൽ പരാജയപ്പെട്ടു. 1995-96 കാലയളവിലാണ് ആന്‍റണി മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്‍റെ ചുമതല വഹിച്ചു. 2004ൽ ആന്‍റണി രാജിവെച്ച ശേഷം അധികാരത്തിലേറിയ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പും കൈകാര്യം ചെയ്തു.
ദീർഘകാലം വയനാട് ജില്ലയിൽ നിന്ന് നിയമസഭാ സമാജികനായിരുന്ന അദ്ദേഹത്തിന് ജെ.ഡി.യു എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ എത്തിയതോടെയാണ് കൽപ്പറ്റ മണ്ഡലം നഷ്ടമായത്. മുന്നണി ധാരണ പ്രകാരം ജെ.ഡി.യു നേതാവായിരുന്ന എം.വി. ശ്രേയാംസ്കുമാറിനാണ് കോൺഗ്രസ് സീറ്റ് നൽകിയത്. വീരേന്ദ്ര കുമാറിന്‍റെ കടുത്ത എതിരാളിയായിരുന്ന രാമചന്ദ്രൻ മാസ്റ്റർ, ജെ.ഡി.യുവിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടാണ് പാർട്ടിയിൽ നിന്ന് അകന്നത്.
കേണിച്ചിറയിൽ സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം രാജിവെച്ചാണ് മുഴുവൻ സമയ പൊതു പ്രവർത്തകനായത്. 2011ൽ ടൈറ്റാനിയം അഴിമതി കേസുകളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകൾ നൽകിയിരുന്നില്ല.
'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബി.ജെ.പിയാക്കി' എന്ന രാമചന്ദ്രൻ മാസ്റ്ററുടെ ആത്മകഥ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ രാമചന്ദ്രൻ മാസ്റ്റർ, പി. നാരായണൻ നമ്പ്യാർ-രുഗ്മിണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. പത്മിനി. മൂന്നു മക്കളുണ്ട്.
സംസ്കാരം വൈകീട്ട് അഞ്ചിന് കോഴിക്കോട് കക്കോടിയിലെ മകന്‍റെ വസതിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.