ഹർഷിനയെ പിന്തുണച്ച് മുൻ മന്ത്രി കെ.കെ ഷൈലജ; വേദന അനുഭവിച്ചവരുടെ കൂടെയാണ് ഇടത് സർക്കാർ
text_fieldsതിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇരയായ കെ.കെ ഹർഷിനയെ പിന്തുണച്ച് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വേദന അനുഭവിച്ചവരുടെ കൂടെയാണ് ഇടത് സർക്കാർ. കാര്യങ്ങൾ പരിശോധിച്ച ശേഷം സർക്കാർ ഉചിത നടപടി സ്വീകരിക്കും. ഹർഷിനയുടെ വാദത്തോട് മുഖം തിരിക്കുന്നതല്ല സർക്കാർ സമീപനമെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുമ്പിൽ കെ.കെ. ഹർഷിന ഇന്നലെ ഏകദിന സമരം നടത്തിയിരുന്നു. പൂർണമായും നീതി നിഷേധിക്കപ്പെടുന്നെന്ന് തോന്നിയതു കൊണ്ടാണ് സമരരംഗത്തേക്ക് വന്നതെന്ന് ഹർഷിന വ്യക്തമാക്കി.
തെരുവിലിറങ്ങിയിട്ട് 87 ദിവസമാകുന്നു. മൂന്നു ചെറിയ കുട്ടികളുള്ള ഞാൻ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്താണ് സമരം തുടരുന്നത്. നീതി കിട്ടിയേ വീട്ടിൽ പോകൂവെന്ന് ഉറച്ച തീരുമാനത്തിൽ തന്നെയാണ്. മരിച്ചു വീഴേണ്ടി വന്നാലും നീതികിട്ടാതെ പിന്നോട്ട് പോകില്ല. 86 ദിവസമായിട്ടും സർക്കാർ കാണാഞ്ഞിട്ടാണെങ്കിൽ അവർ കണ്ടോട്ടേ എന്ന് കരുതിയാണ് 87-ാം ദിവസം സെക്രട്ടേറിയറ്റിലേക്ക് വന്നതെന്നും അവർ പറയുന്നു.
ആരോഗ്യാവസ്ഥ വളരെ മോശമാണ്. അഞ്ചു വർഷം വേദന സഹിച്ച് ഇപ്പോൾ അതു ശീലമായതുകൊണ്ട് പിടിച്ചു നിൽക്കുകയാണ്. നീതി നിഷേധിക്കുന്നതിന് പിന്നിലുള്ളത് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. ഇവരുടെ ഇടപെടൽ കാരണം ആരോഗ്യമന്ത്രിക്ക് ശക്തമായ നിലപാടെടുക്കാൻ കഴിയുന്നില്ല.
തുടക്കം മുതലേ ‘ഹർഷിനയുടെ കൂടെയുണ്ട്’ എന്നാണ് മന്ത്രി ആവർത്തിക്കുന്നത്. പക്ഷേ, ഇങ്ങനെ നിലപാടുള്ള മന്ത്രിക്കു പോലും നീതി നൽകാൻ കഴിയാത്ത വിധം ഇടപെടലുണ്ടാകുകയാണ്. പൊലീസ് സത്യസന്ധമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മന്ത്രി പറയുന്നത് ആത്മാർഥമായിട്ടാണെങ്കിൽ റിപ്പോർട്ടിൻമേൽ നടപടിയെടുക്കണം.
അർഹതപ്പെട്ട നീതി നടപ്പാക്കണം. ഇതു രാഷ്ട്രീയ സമരമല്ല. ആർക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. ഇതിൽ രാഷ്ട്രീയം കാണാൻ പ്രത്യേക രാഷ്ട്രീയമുള്ളവർക്കേ കഴിയൂ. ഉത്തരവാദികളെ സമൂഹത്തിനു മുന്നിലെത്തിച്ച് മാതൃകപരമായി ശിക്ഷിക്കണം. അർഹമായ നഷ്ടപരിഹാരം വേണമെന്നും ഹർഷിന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.