മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
text_fieldsതാനൂർ: മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു.
ലീഗ് നേതാവ് സീതിഹാജിയുടെ മരണശേഷം 1992ൽ താനൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി എം.എൽ.എയായ അദ്ദേഹം 2004ൽ അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നു. 1996ലും 2001, 2006ലും തിരൂരങ്ങാടി മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി.
കേരള പിന്നാക്കക്ഷേമ നിയമസഭ സമിതി ചെയർമാൻ, കേരഫെഡ് ഡയറക്ടർ, തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജ് ചെയർമാൻ, മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറി, താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ല പ്രസിഡന്റ്, മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്.
1953 ജനുവരി 15ന് താനൂരിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവ് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായാണ് ജനനം. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ജഹനറ. മക്കൾ: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കൾ: കെ.പി. ഷിബു (മൂവാറ്റുപുഴ), റജീന, മലീഹ. ഖബറടക്കം താനൂർ വടക്കേപ്പള്ളി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.
കുട്ടി അഹമ്മദ് കുട്ടിയോടുള്ള ആദരസൂചകമായി പാർട്ടിയുടെയും പോഷക ഘടകങ്ങളുടെയും മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവെച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ പരിപാടികളാണ് മാറ്റിവെച്ചതെന്ന് ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.