മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ ഡോ. എ. യൂനുസ് കുഞ്ഞ് അന്തരിച്ചു
text_fieldsകൊല്ലം: മുൻ എം.എൽ.എയും മുസ്ലിംലീഗ് ദേശീയ അസി.സെക്രട്ടറിയുമായ ഡോ. എ. യൂനുസ് കുഞ്ഞ് (82) അന്തരിച്ചു. കോവിഡാനന്തര ചികിത്സക്കിടെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചയായിരുന്നു അന്ത്യം. ജനുവരി 23ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായെങ്കിലും ന്യുമോണിയബാധ ഗുരുതരമായി.
കൊല്ലൂര്‍വിള പള്ളിമുക്കില്‍ ഷാജഹാന്‍ മന്‍സിലില്‍ രാവിലെ എത്തിച്ച മൃതദേഹം തുടർന്ന് യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കൊല്ലൂര്‍വിള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം നടത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.
1991ൽ മലപ്പുറത്തുനിന്ന് അന്നത്തെ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്. ഒരേസമയം എം.എൽ.എ, ജില്ല കൗൺസിൽ അംഗം, വടക്കേവിള പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇരവിപുരം, പുനലൂർ നിയോജക മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
നാൽപതുവർഷത്തോളം മുസ്ലിംലീഗ് ജില്ല പ്രസിഡന്‍റ് ആയിരുന്നു. കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്നു. കശുവണ്ടി വ്യവസായിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ അദ്ദേഹം നിലവിൽ ഫാത്തിമ മെമ്മോറിയല്‍ എജുക്കേഷനല്‍ ട്രസ്റ്റ് (എഫ്.എം.ഇ.ടി) ചെയര്‍മാന്‍, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു.
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്) ചെയർമാൻ, കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, കേരള അൺ എയ്ഡഡ് ബി.എഡ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്‍റ്, കേരള സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്‍റ് പദവികളും വഹിച്ചു.
പരേതരായ അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ദരീഫബീവി (എഫ്.എം.ഇ.ടി സെക്രട്ടറി). മക്കൾ: ഷാജഹാൻ (എഫ്.എം.ഇ.ടി വൈസ് ചെയർമാൻ), വൈ. നൗഷാദ് (എഫ്.എം.ഇ.ടി വൈസ് ചെയർമാൻ), അഡ്വ. വൈ. അൻസാർ, വൈ. ഹാഷിം, നൂർജഹാൻ, മുംതാസ്, റസിയ (എല്ലാവരും എഫ്.എം.ഇ.ടി ഡയറക്ടർ)
മരുമക്കൾ: സുജ ഷാജഹാൻ, ഡോ. നൗഫൽ (ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം), സജീന നൗഷാദ്, ഷറഫുദീൻ (കശുവണ്ടി വ്യവസായി), സീനു അൻസാർ, ഡോ. നസ്മൽ (ദുബൈ), പ്രഫ. മുനീറ ഹാഷിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.