സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞു അന്തരിച്ചു
text_fieldsകോഴിക്കോട്: മുൻ എം.എൽ.എയും സി.പി.എമ്മിന്റെ മുതിർന്ന നേതാവും വാഗ്മിയുമായ സി.പി. കുഞ്ഞു (93) അന്തരിച്ചു. ഏതാനും വർഷമായി ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമത്തിലായ അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെ ഏഴിന് ജില്ല സഹകരണ ആശുപത്രിയിലായിരുന്നു. കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് മകനാണ്.
മലബാറിൽ രാഷ്ട്രീയ യോഗങ്ങളിൽ കേൾവിക്കാരെ മണിക്കൂറുകൾ പിടിച്ചിരുത്തിയ പ്രസംഗകനായിരുന്നു. അദ്ദേഹത്തെ കേൾക്കാൻ സ്ത്രീകളടക്കം വൻ ജനക്കൂട്ടം ദൂരങ്ങൾ താണ്ടി എത്തുമായിരുന്നു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം, വഖഫ് ബോർഡ് അംഗം, കെ.എസ്.ഇ.ബി കൺസൽട്ടേറ്റിവ് കമ്മിറ്റി അംഗം, കോഴിക്കോട് കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ, മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുസ്ലിം ലീഗ് കുത്തകയായിരുന്ന കോഴിക്കോട്-രണ്ട് മണ്ഡലത്തിൽനിന്ന് 1987ലാണ് എം.എൽ.എയായത്. രണ്ടുതവണ കോർപറേഷൻ കൗൺസിലറായി. 1991ൽ രണ്ടാമതും കോഴിക്കോട് രണ്ടിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ഡോ. എം.കെ. മുനീറിനോട് തോറ്റു.
ഭാര്യ: എം.എം. കദീശബി. മറ്റു മക്കൾ: സി.പി. അബ്ദുൽ അസീസ്, അബ്ദുൽ നാസർ, ഫൈസൽ, സൈനബ, ഫൗസിയ, സലീന. മരുമക്കൾ: വി. അബ്ദുൽ നാസർ (ദുബൈ), സക്കീർ അലി, എം.എം. സലിത, പി.എം. ജാസ്മിൻ, ജൗഹറ, പരേതനായ മമ്മദ് കോയ. സഹോദരങ്ങൾ: പരേതരായ അബ്ദുറഹിമാൻ, പി.പി. പാത്തൈ. മൃതദേഹം പൊതുദർശനത്തിനുവെച്ച ഇടിയങ്ങരയിലെ വീട്ടിലും കോഴിക്കോട് ടൗൺഹാളിലും നൂറുകണക്കിനാളുകൾ എത്തി. കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി. വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രിയങ്കരനായ ജനനേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.