Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ എം.എൽ.എ കെ.എം....

മുൻ എം.എൽ.എ കെ.എം. സൂപ്പി അന്തരിച്ചു

text_fields
bookmark_border
മുൻ എം.എൽ.എ കെ.എം. സൂപ്പി അന്തരിച്ചു
cancel

പാനൂര്‍(കണ്ണൂര്‍):  മുന്‍ എം.എല്‍.എയും മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവുമായ  കെ.എം. സൂപ്പി (83) അന്തരിച്ചു. പാനൂര്‍ കൈവേലിക്കല്‍ റോഡില്‍ സീതി പള്ളി പരിസരത്തെ ഫിര്‍ദൗസ് മന്‍സിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.45നായിരുന്നു അന്ത്യം. കഴിഞ്ഞ മേയ് ഒന്നിന് പെരിങ്ങത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു. മുസ്ലിംലീഗ് മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന പി.ആര്‍. കുറുപ്പിന്‍െറ സന്തതസഹചാരിയായിരുന്നു. 1973ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1978ല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച സൂപ്പി പിന്നീട് അഖിലേന്ത്യാ ലീഗിലും തുടര്‍ന്ന് മുസ്ലിംലീഗിലും ചേര്‍ന്ന് സജീവ രാഷ്ട്രീയം തുടര്‍ന്നു. 

1933 ഏപ്രില്‍ ഒന്നിന് പാനൂര്‍ എലാങ്കോട് മൊയാരത്ത് മമ്മുവിന്‍െറയും വടക്കയില്‍ പാത്തുവിന്‍െറയും മകനായാണ് ജനനം. 1970ലും ’91ലും പെരിങ്ങളത്തുനിന്ന് നിയമസഭയിലത്തെി. 1996ല്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 20 വര്‍ഷം പാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, നിയമസഭയുടെ സബോഡിനേറ്റ് കമ്മിറ്റി ചെയര്‍മാന്‍, കേരള അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, കേരള സിറാമിക്സ് ചെയര്‍മാന്‍, സംസ്ഥാന വഖഫ് ബോര്‍ഡ് ഇന്‍സ്റ്റിഗേറ്റര്‍, സംസ്ഥാന ഓര്‍ഫനേജ് ബോര്‍ഡംഗം, കൂത്തുപറമ്പ് ബ്ളോക് ചെയര്‍മാന്‍, 30 വര്‍ഷം പാനൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ‘നേര്‍ക്കുനേരെ ഒരു ജീവിതം’ ആത്മകഥയാണ്. പരേതനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലാചരിച്ചു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: അശറഫ്, ഫിറോസ് (അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ഹമദ് ഹോസ്പിറ്റല്‍,  ഖത്തര്‍), നസീമ, ഫൗസിയ. മരുമക്കള്‍: തടത്തില്‍ അഹമ്മദ് (ചെറ്റക്കണ്ടി), എം.പി.സി. അബ്ദുല്ല (കണ്ണവം), നാദിറ (കോട്ടയം പൊയില്‍), സൈദ (കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്‍റ്, കല്ലിക്കണ്ടി എന്‍.എ.എം കോളജ്). സഹോദരങ്ങള്‍: സുഹ്റ, പരേതരായ യൂസഫ്, മഹമൂദ്, ഖദീജ.
 


നാടിനെ മറക്കാത്ത സോഷ്യലിസ്റ്റ് 
പാനൂര്‍: നാടിനെയും നാട്ടുകാരെയും മറക്കാതെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ച  നേതാവായിരുന്നു കെ.എം. സൂപ്പി. രാഷ്ട്രീയജീവിതത്തില്‍ അടിയൊഴുക്കുണ്ടായി പാര്‍ട്ടിയും പ്രസ്ഥാനവും മാറേണ്ടിവന്നിട്ടും ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് അചഞ്ചലമായ സ്ഥാനമായിരുന്നു. കണ്ണൂരില്‍ ആയുര്‍വേദ  പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി പ്രാക്ടീസ് ചെയ്യാനായിരുന്നു കെ.എം. സൂപ്പിക്ക് ആദ്യകാലത്ത് ആഗ്രഹം. തവക്കല്‍ എന്ന പേരില്‍ കൈവേലിക്കലില്‍ വൈദ്യശാല ആരംഭിച്ച് പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. പൊതുപ്രവര്‍ത്തനത്തിനിടയിലായിരുന്നു ആതുരസേവനം. ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വിസില്‍ ആയുര്‍വേദ ഡോക്ടറായി നിയമിതനായി. നിയമനത്തിനുമുമ്പ് സ്വഭാവ സര്‍ട്ടിഫിക്കറ്റിനുവേണ്ടി എം.എല്‍.എയായ പി.ആര്‍. കുറുപ്പിനു മുന്നില്‍ ചെന്നപ്പോള്‍ നിയമന ഉത്തരവ് കീറിക്കളയുകയായിരുന്നു. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവേണ്ടെന്നും  ജനങ്ങളെ സേവിക്കുന്നതിനെക്കാള്‍ വലിയതൊന്നുമില്ളെന്നും പി.ആര്‍ പറഞ്ഞതോടെ സൂപ്പി അദ്ദേഹത്തിന്‍െറ അനുയായിയായി സജീവ രാഷ്ട്രീയത്തിലത്തെി.പാനൂര്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ്, എന്‍.എ.എം കോളജ്, പാനൂര്‍ 110 കെ.വി സബ്സ്റ്റേഷന്‍, പാനൂര്‍ സബ്ട്രഷറി, പാനൂര്‍ കെ.എസ്.എഫ്.ഇ, പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സ് തുടങ്ങി പാനൂരിന്‍െറ വികസനചരിത്രത്തില്‍ കെ.എമ്മിന്‍െറ കൈയൊപ്പുണ്ട്.തലശ്ശേരിയിലെ വര്‍ഗീയകലാപം പാനൂരിലത്തൊതിരിക്കാന്‍ അക്ഷീണം പരിശ്രമിച്ച സൂപ്പി നിരവധി അമ്മമാര്‍ വിളമ്പിത്തന്ന കഞ്ഞികുടിച്ചാണ് താന്‍ വളര്‍ന്നതെന്നും അതുകൊണ്ടുതന്നെ ഏത് പദവിയിലും തികഞ്ഞ മതേതരവാദിയാണെന്നും സ്വയം സാക്ഷ്യപ്പെടുത്തി. പാനൂര്‍ ജുമുഅത്ത് പള്ളി പുനര്‍നിര്‍മിക്കാന്‍ അഹോരാത്രം പണിപ്പെട്ടത് സൂപ്പി നേതൃത്വം നല്‍കിയ കമ്മിറ്റിയാണ്.കേരളമാകെ അലയൊലികള്‍ സൃഷ്ടിച്ച വിവാദമായ കോ-ലീ-ബി സഖ്യം പാനൂര്‍ പഞ്ചായത്തില്‍ ഉദയംകൊണ്ടത് കെ.എമ്മിന്‍െറ കാലത്തായിരുന്നു. പെരിങ്ങളത്തെ മുസ്ലിം ലീഗിലെ ചേരിതിരിവില്‍ അദ്ദേഹം ദു$ഖിതനായിരുന്നു.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ചിലര്‍ തന്നെ സമീപിച്ചതായി അദ്ദേഹം ആത്മകഥയില്‍ പറയുന്നുണ്ട്. എന്നാല്‍, മുസ്ലിം ലീഗുകാരനായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം എഴുതി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km soopyformer mla
News Summary - former mla km soopy dead
Next Story