വാഹനാപകടത്തിൽ പരിക്കേറ്റ മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
text_fieldsപയ്യന്നൂർ: മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 76 വയസ്സായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഈ മാസം നാലിന് ഉച്ചക്ക് ദേശീയ പാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ കാറപകടത്തിലാണ് കെ.പി.കുഞ്ഞിക്കണ്ണന് പരിക്കേറ്റത്.അദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.വാരിയെല്ലിന് പരിക്കേറ്റ് ആദ്യം കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
പരേതരായ ആനിടിൽ കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനായി 1949 സെപ്തംബർ 9 ന് കൈതപ്രത്തായിരുന്നു ജനനം. പയ്യന്നൂർ കാറമേലിൽ " പ്രിയദർശിനി " യിലാണ് താമസം.
കെ.പി.സി.സി ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നുള്ള കെ.പി.സി.സി അംഗമാണ്. കണ്ണൂർ ജില്ലക്കാരനാണെങ്കിലും കാസർകോട് കേന്ദ്രീകരിച്ചാണ് പാർട്ടി പ്രവർത്തനം നടത്തി വരുന്നത്. കാസർകോട് ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ.പി, ദീർഘകാലം കാസർകോട് ഡി.സി.സി പ്രസിഡൻറായും പ്രവർത്തിച്ചു. ഈ കാലയളവിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സഞ്ചരിച്ച് നടത്തിയ ഗ്രാമയാത്ര കോൺഗ്രസിന് പുതിയ ഊർജവും ശക്തിയും നൽകി. ദീർഘകാലം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ലീഡർ കെ. കരുണാകരന്റെ അടുത്ത അനുയായിരുന്ന കെ.പി. കുഞ്ഞിക്കണ്ണൻ 1987ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് സി.പി.എം സ്ഥാനാർത്ഥിയായിരുന്ന കെ. പുരുഷോത്തമനെ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എട്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
1991-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഉദുമ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും സി.പി.എം സ്ഥാനാർഥി പി. രാഘവനോട് 957 വോട്ടിന് പരാജയപ്പെട്ടു. 96ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ തന്നെ മുന്നാം അങ്കത്തിന് ഇറങ്ങിയെങ്കിലും സിറ്റിങ് എം.എൽ.എയായ പി. രാഘവന് തന്നെയായിരുന്നു വിജയം. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും സി.പി.എം സ്ഥാനാർഥി എം. രാജഗോപാലിനോട് പരാജയപ്പെടുകയായിരുന്നു.
കേരഫെഡ് ചെയർമാൻ, സംസ്ഥാന വൈദ്യുതി ബോർഡ് അംഗം, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ ഡയറക്ടർ, പയ്യന്നൂർ കോളജ് മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 2005 മേയ് ഒന്നിന് കെ. കരുണാകരന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിന്റെ പ്രധാന നേതാവായിരുന്നു കെ.പി. കുഞ്ഞിക്കണ്ണൻ. എന്നാൽ ചെറിയ കാലയളവിന് ശേഷം കെ. കരുണാകരൻ കോൺഗ്രസിലേക്ക് വീണ്ടുമെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം കെ.പി. കുഞ്ഞിക്കണ്ണനും മാതൃസംഘടനയിൽ തിരിച്ചെത്തി.
ഭാര്യ: കെ. സുശീല (റിട്ട. പ്രഥമാധ്യാപിക കാറമേൽ എ.എൽ.പി സ്കൂൾ). മക്കൾ: കെ.പി.കെ. തിലകൻ (അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്), കെ.പി.കെ. തുളസി (അധ്യാപിക സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ). മരുമക്കൾ: അഡ്വ. വീണ എസ്. നായർ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്).
സഹോദരങ്ങൾ: പരേതരായ കമ്മാര പൊതുവാൾ, ചിണ്ട പൊതുവാൾ, നാരായണ പൊതുവാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.