മുൻ എം.എൽ.എ എം. ചന്ദ്രൻ നിര്യാതനായി
text_fieldsപാലക്കാട്: മുതിർന്ന സി.പി.എം നേതാവും മുൻ നിയമസഭാംഗവുമായ എം. ചന്ദ്രൻ(76) നിര്യാതനായി. ആലത്തൂർ മണ്ഡലത്തിൽ നിന്നാണ് നിയമ സഭയിലെത്തിയത്. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2006 മുതൽ 2016 വരെയാണ് നിയമസഭാംഗമായത്.
എം. കൃഷ്ണന്റേയും കെ.പി. അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയിലാണ് ജനനം. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കെ.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കെ.എസ്.വൈ.എഫിെൻറയും സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം കെ.എസ്.എഫ്. താലൂക്ക് സെക്രട്ടറി, സി.പി.എം. പാലക്കാട് ജില്ല കമ്മിറ്റിയംഗം, ഏഴ് വർഷത്തോളം സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, നിരവധി ടേഡ്‌യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ :കോമളവല്ലി(മംന്‍ പാലക്കാട് ജില്ല കൗണ്‍സിലര്‍) മക്കൾ : അഡ്വ. ആഷി (ഗവ. പ്ലീഡർ ), ഷാബി (ചാർട്ടേഡ് അക്കൗണ്ടന്റ് ).
സംസ്കാരം നാളെ
ഭൗതിക ശരീരം ഇന്ന് രാത്രി 10.30 മുതൽ 11.30 വരെ കൂറ്റനാട് വട്ടേനാട് ജി.എൽ. പി സ്കൂളിൽ പൊതു ദർശനത്തിനു വെക്കും. രാത്രി 12 മണി മുതൽ അദ്ദേഹത്തിന്റെ വീട്ടിൽ പൊതുദർശനം തുടരുകയും ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് സംസ്കാരം നടക്കും.
എം. ചന്ദ്രെൻറ വിയോഗം: തൊഴിലാളിവർഗ പ്രസ്ഥാനത്തിനും കേരളത്തിെൻറ പൊതു സമൂഹത്തിനും വലിയ നഷ്ടം- മുഖ്യമന്ത്രി പിണറായി വിജയന്‍
സി.പി. എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂർ എം.എൽ.എയുമായിരുന്ന എം. ചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാലക്കാട് ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബഹുജന നേതാവായിരുന്നു എം. ചന്ദ്രൻ. ദീർഘകാലം സി.പി. എം പാലക്കാട് ജില്ല സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. തൊഴിലാളിവർഗ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വിവിധ മേഖലകളിലുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് അണിനിരത്തുന്നതിൽ ചന്ദ്രൻ നേതൃപാടവം പ്രകടമാക്കി. ശ്രദ്ധേയനായ നിയമസഭാംഗമായിരുന്നു ചന്ദ്രൻ. അദ്ദേഹത്തിന്റെ സഭയിലെ സജീവമായ ഇടപെടലുകൾ ജനകീയ ആവശ്യങ്ങൾ സഭാതലത്തിൽ പ്രതിധ്വനിപ്പിക്കുന്നതിനും നിയമനിർമ്മാണ പ്രക്രിയയെ കൂടുതൽ സജീവമാക്കുന്നതിനും സഹായിച്ചു.
പാലക്കാട് ജില്ലയിൽ പാർട്ടിക്കെതിരെയുള്ള കടന്നാക്രമണ ഘട്ടത്തിൽ അതിനെതിരെ ശക്തമായ നേതൃത്വം നൽകി നയിച്ച നേതാവായിരുന്നു ചന്ദ്രൻ. എം. ചന്ദ്രന്റെ വിയോഗം തൊഴിലാളിവർഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.