അച്ചടക്കലംഘനം: എം.എസ്.എഫ് സംസ്ഥാന മുൻ വൈസ് പ്രസിഡന്‍റ് പി.പി. ഷൈജലിനെ ലീഗിൽ നിന്ന് പുറത്താക്കി
text_fieldsകൽപ്പറ്റ: എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും മുസ്ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സമിതി അംഗവുമായിരുന്ന പി.പി. ഷൈജലിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. നേരത്തെ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പദവിയിൽനിന്ന് നീക്കിയിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ ഷൈജൽ ഗുരുതര ആരോണങ്ങളുന്നയിച്ചിരുന്നു. ലീഗ് ജില്ലാ ഓഫിസിൽ ഇരുവിഭാഗം ഏറ്റുമുട്ടിയതും വാർത്തയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപറ്റയിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ടി. സിദ്ദീഖിനെ തോൽപ്പിക്കാൻ വയനാട് മുസ്ലിം ലീഗിലെ ഒരുവിഭാഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും ഗൂഢാലോചന നടത്തിയെന്നാണ് ഷൈജൽ ആരോപിച്ചത്. സിദ്ദീഖിൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാതിരിക്കാൻ തനിക്ക് 50,000 രൂപ ലീഗ് ജില്ല കമ്മിറ്റി ഭാരവാഹി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർക്ക് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിൻെറ പിന്തുണ ഉണ്ടായിരുന്നുവെന്നും ഷൈജൽ ആരോപിച്ചു.
ജില്ലക്ക് പുറത്തുനിന്നുള്ളയാളെ വയനാട്ടിലെ ആകെയുള്ള ജനറൽ സീറ്റിൽ സ്ഥാനാർഥിയാക്കിയപ്പോൾ കോൺഗ്രസിൽ അന്ന് ശക്തമായ എതിർപ്പുയർന്നിരുന്നു. തുടർച്ചയായി കൽപ്പറ്റ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടാൽ, അടുത്ത തവണ യു.ഡി.എഫിൽ സീറ്റ് ലീഗിന് വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം സിദ്ദീഖിനെതിരെ പ്രവർത്തിച്ചതെന്നുമായിരുന്നു ഷൈജലിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.