ബാങ്ക് ജപ്തി ഒഴിവാക്കാൻ സഹായം തേടി മുൻ പഞ്ചായത്ത് പ്രസിഡൻ്റ്
text_fieldsകോലഞ്ചേരി: ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള പഞ്ചായത്തിന്‍റെ പ്രസിഡൻ്റായിരുന്നയാൾ ജപ്തിയിൽ ഒഴിവാക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. 2015-20 വർഷം വടവുകോട്- പുത്തൻകുരിശ് പഞ്ചായത്തിന്‍റെ പ്രസിഡൻ്റായിരുന്ന പി.കെ. വേലായുധനാണ് ജീവിതം പ്രതിസന്ധിയിലായതോടെ സുമനസ്സുകളുടെ സഹായം തേടുന്നത്.
ഭരണ കാലയളവിൽ മികവാർന്ന പ്രകടനം നടത്തിയ തന്‍റെ ദുരിതം ഇദ്ദേഹം തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതോടൊപ്പം വീടിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
'എന്‍റെ പേര് പി.കെ. വേലായുധൻ. വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ ടേമിലെ (മുൻ) പ്രസിഡന്‍റാണ്. ഒരു സഹായ അഭ്യർഥനയുമായാണ് ഈ പോസ്റ്റിടുന്നത്. ഞാൻ താമസിക്കുന്ന ഈ വീടും എന്‍റെ തറവാടും ജപ്തി നടപടിയിലാണ്. മുപ്പത് ലക്ഷത്തി എൺപത്തിനാലായിരം രൂപയാണ് അടയ്ക്കാനുള്ളത്. വിവിധ സംരംഭങ്ങൾക്കായി 12 ലക്ഷം രൂപയാണ് വായ്പയെടുത്തത്. സംരംഭങ്ങളെല്ലാം വൻ പരാജയമായതോടെ ആദ്യ കുറച്ചു വർഷങ്ങളിൽ വായ്പ തിരിച്ചടവുണ്ടായെങ്കിലും ആറ് വർഷമായി മുടങ്ങിപ്പോയി.
ഈ തുക തിരിച്ചടയ്ക്കാൻ യാതൊരു നിർവാഹമില്ലാത്ത അവസ്ഥയാണ്. ആയതിനാൽ സുമനസ്സുകളുടെ സഹായത്തിനായി ഞാൻ അപേക്ഷിക്കുകയാണ്. ഇന്ന് ഭൂമി അളക്കാൻ വരാനിരുന്നതാണ്. കേരള ബാങ്കിന്‍റെ തൃശൂർ ഓഫീസിൽ നിന്നാണ് വിളിച്ചറിയിച്ചത്. കയ്യും കാലും പിടിച്ച് 10 ദിവസത്തെ സാവകാശം ഞാൻ വാങ്ങിയിട്ടുണ്ട്. രണ്ടു ബാങ്കുകളിലായാണ് ലോൺ. ജില്ലാ ബാങ്ക് കരിമുകൾ, വടവുകോട് ഫാർമേഴ്സ് ബാങ്ക്. 15 ലക്ഷം രൂപ കടമായി കിട്ടിയാൽ ഭൂമിയെടുത്ത് വീണ്ടും പണയം വെച്ച് രണ്ട് മാസത്തിനും ടി തുക തിരികെ എനിക്ക് നൽകാനാവും. ബാങ്ക് ലോൺ തരാമെന്ന് ഏറ്റിട്ടുമുണ്ട്. തുക കടമായി തരുന്നയാൾ പറയുന്ന ഉപാധികൾ അംഗീകരിക്കുവാൻ ഞാൻ തയാറാണ്.ജപ്തി നടന്നാൽ രണ്ടു പെൺകുട്ടികൾ അടങ്ങുന്ന കുടുംബവും എന്‍റെ അനുജൻമാരും കുടുംബവുമാണ് തെരുവിലേക്കിറങ്ങേണ്ടി വരിക. അത് ഞങ്ങൾക്ക് സഹിക്കാവുന്നതിനുമപ്പുറമാണ്. ഞാനീപ്പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് അന്വേഷിക്കാവുന്നതാണ്. ജില്ലാ ബാങ്ക് കരിമുകൾ - 04842 720970 വട്ടവുകോട് ഫാ. ബാങ്ക് 04842 സഹായിക്കാൻ താൽപ്പര്യമുള്ളവർ എന്നെ വിളിക്കുമല്ലോ? വിളിക്കേണ്ട നമ്പർ 9961303552 എന്ന്, PK വേലായുധൻ മുൻ പഞ്ചായത്ത് പ്രസിഡന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.