അഴിമതിക്കേസിൽ പഞ്ചായത്ത് മുൻ സെക്രട്ടറിക്കും യു.ഡി ക്ലർക്കിനും തടവും പിഴയും
text_fieldsതിരുവനന്തപുരം: പഞ്ചായത്തിെൻറ അക്കൗണ്ടിൽനിന്ന് ഏഴരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ സെക്രട്ടറിക്കും യു.ഡി ക്ലർക്കിനും മൂന്നുവർഷം വീതം തടവും ഒരുലക്ഷം രൂപ വീതം പിഴയും. വാമനപുരം പഞ്ചായത്ത് മുൻ സെക്രട്ടറിയും നെയ്യാറ്റിൻകര സ്വദേശിനിയുമായ പുഷ്പരത്നം, മുൻ യു.ഡി ക്ലർക്കും ചെമ്പഴന്തി സ്വദേശിനിയുമായ ജനറ്റ് എന്നിവരെയാണ് അഴിമതി നിരോധന നിയമപ്രകാരം തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
അഴിമതി നിയമത്തിലെ വകുപ്പുകളായ 13(1)(സി),(ഡി) എന്നിവ പ്രകാരം ആറുവർഷവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവ പ്രകാരം പന്ത്രണ്ട് വർഷവുമാണ് ശിക്ഷ.
എന്നാൽ, ശിക്ഷ ഒരുമിച്ച് മൂന്നുവർഷം അനുഭവിച്ചാൽ മതിയെന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി സ്നേഹലത വിധിന്യായത്തിൽ വ്യക്തമാക്കി. 2001 സെപ്റ്റംബർ 25 മുതൽ 2002 മാർച്ച് 30 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ജി.പി.ഡി പദ്ധതി പ്രകാരം ലഭിക്കുന്ന തുകയിൽ അധികം വരുന്ന സർക്കാർ പണം രണ്ടു പ്രതികളും വ്യാജമായി രേഖകളുണ്ടാക്കി തട്ടിയെടുത്തെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക ചെക്കുകളിൽ അധിക തുക എഴുതുകയും അത് ട്രഷറിയിൽനിന്ന് പിൻവലിക്കുകയുമാണ് പ്രതികൾ ചെയ്തുവന്നത്. അതിനുശേഷം പഞ്ചായത്ത് രേഖകളിൽ ചെറിയ തുകകൾ രേഖപ്പെടുത്തുകയും ചെയ്തു.
സർക്കാർ ഓഡിറ്റിലാണ് അഴിമതി കണ്ടെത്തിയത്. തുടർന്ന് വിജിലൻസിന് പരാതി നൽകുകയായിരുന്നു. 2011ൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഒമ്പത് വർഷത്തിനുശേഷം പ്രതികളെ ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.