പി.ഡി.പി. നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു
text_fieldsതിരുവനന്തപുരം: പി.ഡി.പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (56) അന്തരിച്ചു. ആര്‍ബുദ രോഗബാധിതനായി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിങ് ചെയര്‍മാന്‍, സീനിയര്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ ദീര്‍ഘകാലം പ്രവർത്തിച്ചു.
1995 മുതല്‍ മൂന്നുഘട്ടങ്ങളില്‍ മാണിക്യവിളാകം, അമ്പലത്തറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍നിന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. എറണാകുളം ലോക്സഭ ഉപതെരഞ്ഞെടുപ്പിലും അരുവിക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലും 1996ല്‍ തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലും പി.ഡി.പി സ്ഥാനാർഥിയായി മത്സരിച്ചു.
മഅ്ദനി മോചന പരിശ്രമങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പൂന്തുറ സിറാജ് മഅ്ദനിയുടെ വിശ്വസ്തനും പി.ഡി.പി നേതൃനിരയില്‍ രണ്ടാമനുമായിരുന്നു. പൂന്തുറ ആലുകാട് നസീമ മന്‍സിലില്‍ പരേതനായ മൈതീൻ കുഞ്ഞിെൻറയും സൽമ ബീവിയുടെയും മകനാണ്. ഭാര്യ: മഅ്ദനിയുടെ ഭാര്യാസഹോദരി സുഹാന.
മക്കൾ: മുഹമ്മദ് ഇർഫാൻ, ലുബാബ ബത്തൂൽ, ഫാത്തിമ അഫ്നാൻ, മുസ്‌ഹബ്. സഹോദരങ്ങൾ: നസീമ ബീവി, ബഷീർ, മാഹീൻ, പരേതനായ അഷ്‌റഫ്, ഹുസൈൻ, ഷമി, ബനാസിർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പൂന്തുറ പുത്തന്‍പള്ളി ഖബർസ്ഥാനില്‍.
പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.