കോടിയേരിയുടെ മുൻ പേഴ്സണൽ സ്റ്റാഫിനും ഫോൺ കിട്ടി, തൻെറ സ്റ്റാഫിന് വാച്ചും -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ മുൻ പേഴസണൽ സ്റ്റാഫ് അംഗത്തിന് അടക്കം മൂന്നു പേർക്ക് യു.എ.ഇ കോൺസുലേറ്റിൽനിന്ന് ഫോൺ സമ്മാനമായി കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോൺ വാങ്ങുന്ന ചിത്രങ്ങൾ സഹിതമാണ് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ മൂന്നു പേർക്ക് സ്മാർട്ട് ഫോൺ സമ്മാനമായി ലഭിച്ചു. പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കമുള്ളവർക്കാണ് ഫോൺ ലഭിച്ചത്. രാജീവൻ ഫോൺ വാങ്ങിയത് തെറ്റാണെന്ന് പറയുന്നില്ല. തൻെറ സ്റ്റാഫ് അംഗമായ ഹബീബിന് വാച്ചും സമ്മാനമായി കിട്ടിയിരുന്നു.
പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ചാണ് കോടിയേരി അടക്കമുള്ളവർ ആരോപണം ഉന്നയിക്കുന്നത്. പ്രോട്ടോകോള്‍ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന് തന്നെ ഫോണ്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ആര്‍ക്കെതിരെയും വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാറില്ല. ഇന്നലെ കോടിയേരിക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടി വന്നത് സഹികെട്ടതിനാലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താന്‍ ഫോണ്‍ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പൻെറ വാദം അസംബന്ധമാണ്. ഒരു ഫോണ്‍ എവിടെയാണെന്ന് ഇപ്പോള്‍ കണ്ടെത്താനായി. മറ്റു രണ്ട് ഫോണുകള്‍ എവിടെയാണെന്ന് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകൾ വാങ്ങി നൽകിയെന്ന് വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ വീടുകൾ പണിയാൻ കരാർ ഏറ്റെടുത്ത യൂനിടാകിെൻറ എം.ഡി സന്തോഷ് ഈപ്പൻ ഹൈകോടതിയിൽ അറിയിച്ചിരുന്നു. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നൽകിയെന്നും സി.ബി.ഐ അന്വേഷണത്തിനെതിരെ യൂനിടാക് നൽകിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
യു.എ.ഇ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കുള്ള സമ്മാനം താൻ വിതരണം ചെയ്യുക മാത്രമാണ് ചെയതതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.