കൈക്കൂലിക്കേസിൽ മൂവാറ്റുപുഴ മുൻ ആർ.ഡി.ഒക്ക് ഏഴ് വർഷം കഠിനതടവും 25,000 പിഴയും
text_fieldsമൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ ആർ.ഡി.ഒക്ക് ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ ആർ.ഡി.ഒ ആയിരുന്ന വി.ആർ. മോഹനൻ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു ശിക്ഷിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.
2016ലാണ് മോഹനൻപിള്ളയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പില്‍ ഇടിഞ്ഞുവീണ മതില്‍ നന്നാക്കി കിട്ടാനായി സര്‍ക്കാര്‍ സഹായം അപേക്ഷിച്ചെത്തിയ ആളോട് പണി നിർത്തിവെക്കാൻ മോഹനൻ പിള്ള ആവശ്യപ്പെടുകയായിരുന്നു. വീട്ടുടമ രേഖകൾ കാണിച്ചിട്ടും വഴങ്ങിയില്ല. പിന്നീട് ഉടമയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
വീട്ടുടമ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ശേഷം ആർ.ഡി.ഒയുടെ ഓഫിസിലെത്തി തുക കൈമാറി. പിന്നാലെയെത്തിയ സംഘം മോഹനന്‍ പിള്ളയെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.