യുവജനോത്സവ കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്.എഫ്.ഐ നേതാവെന്ന്; സി.പി.എമ്മിന് പരാതി നൽകി കേന്ദ്ര കമ്മിറ്റിയംഗം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവ കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്.എഫ്.ഐ നേതാവെന്ന് ആരോപണം. ആരോപണവിധേയനായ എസ്.എഫ്.ഐ മുൻ ജില്ല ഭാരവാഹിക്കെതിരെ കേന്ദ്ര കമ്മിറ്റിയംഗമായ അക്ഷയ് സി.പി.എം നേതൃത്വത്തിന് പരാതി നൽകിയതായി മീഡിയവൺ റിപ്പോർട്ട് ചെയ്തു.
യുവജനോത്സവത്തിന്‍റെ പ്രോഗ്രാം കമ്മിറ്റി കൺവീനറായിരുന്ന അക്ഷയ്ക്കായിരുന്നു ജഡ്ജിമാരുടെയും വേദികളുടെയും ചുമതലകൾ. മുമ്പ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ്.എഫ്.ഐയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ല ഭാരവാഹിയാണ് അക്ഷയിയെ സമീപിച്ചത്. അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വിധി കർത്താക്കളെ സ്വാധീനിക്കണമെന്ന ആവശ്യം ഇയാൾ മുന്നോട്ടുവച്ചെന്നും പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട്.
കേരള സര്‍വകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്ന് മാർഗംകളി വിധികർത്താവും നൃത്താധ്യാപകനുമായ ഷാജി പൂത്തട്ടക്ക് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. കേസിൽ മൊഴിയെടുക്കാനായി വ്യാഴാഴ്ച തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ വിളിപ്പിച്ചതിനിടയിലാണ് ഷാജിയെ കിടപ്പുമുറിയിൽ വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടത്.
കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് ഷാജി പൂത്തട്ട ബുധനാഴ്ച വൈകീട്ട് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്നും പണം വാങ്ങി വിധി നിർണയം നടത്തിയിട്ടില്ലെന്നും പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, ജീവനൊടുക്കിയ ഷാജി പൂത്തട്ടയെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന ആരോപണവുമായി കേസിൽ ഉൾപ്പെട്ട നൃത്താധ്യാപകർ രംഗത്തെത്തി. ഷാജിയെ മർദിക്കുന്നത് കണ്ടെന്ന് കേസിൽ മുൻകൂർജാമ്യം ലഭിച്ച നൃത്തപരിശീലകരായ ജോമറ്റ് മൈക്കിളും സൂരജുമാണ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്.
എസ്.എഫ്.ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിൽ പ്രവർത്തകരായ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നിവർ ചേർന്നാണ് മർദിച്ചത്. കണ്ടാലറിയാവുന്ന 70ഓളം പേരും ഒപ്പമുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
മാർഗംകളിയുടെ വിധി വന്ന ശേഷം തങ്ങളെ ഒരു മുറിയിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് പല തവണ ഷാജിയെ മർദിച്ചു. തങ്ങൾക്കും എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റു.
മർദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞു. എന്നാൽ, നീ എന്തെങ്കിലും ചെയ്യെന്നായിരുന്നു മർദിച്ചവരുടെ മറുപടിയെന്നും നൃത്താധ്യാപകർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.