ആട് ആന്‍റണി കുത്തിപ്പരിക്കേൽപ്പിച്ച മുൻ എസ്.ഐ നിര്യാതനായി
text_fieldsഓയൂർ: കേരള പൊലീസിനെ വട്ടം കറക്കിയ ആട് ആന്‍റണി കുത്തിപ്പരിക്കേൽപ്പിച്ച മുൻ എസ്.ഐ മരിച്ചു. പൂയപ്പള്ളി ചെങ്കുളം പനവിളവീട്ടിൽ കെ. ജോയിയാണ് (62) അസുഖത്തെതുടർന്ന് മരിച്ചത്.
2012 ജൂൺ 26നാണ് കുണ്ടറ പടപ്പക്കര സ്വദേശിയായ ആട് ആന്‍റണിയെന്ന് വിളിക്കുന്ന ആന്‍റണി വർഗീസ് ഡ്യൂട്ടിക്കിടെ ജോയിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും പൊലീസ് ഡ്രൈവർ പൂയപ്പള്ളി മീയണ്ണൂർ കൈതപ്പുരക്കൽ വീട്ടിൽ മണിയൻപിള്ളയെ കുത്തിക്കൊല്ലുകയും ചെയ്തത്. പാരിപ്പള്ളി ജവഹർ ജങ്ഷനിൽ രാത്രി വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.
മോഷണമുതലുമായി ആട് ആന്‍റണി വാഹനത്തിൽ വരവേ അന്ന് ഗ്രേഡ് എസ്.ഐ ആയിരുന്ന ജോയി വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. സംശയം തോന്നിയതോടെ ഇയാളെ പൊലീസ് ജീപ്പിൽ കയറ്റി പോകവേ കത്തി ഉപയോഗിച്ച് മണിയൻപിള്ളയെ ആട് ആന്‍റണി കുത്തി.
തടസ്സം പിടിക്കാൻ ശ്രമിച്ച ജോയിയുടെയും വയറ്റിൽ കുത്തിയ ശേഷം ആന്‍റണി ഓടി രക്ഷപ്പെട്ടു. മൂന്നുവർഷത്തിനൊടുവിൽ 2015 ഒക്ടോബർ 13ന് പാലക്കാട് ഗോപാലപുരത്തുനിന്ന് പ്രത്യേക അന്വേഷണസംഘമാണ് ആട് ആന്‍റണിയെ പിടികൂടിയത്. ഇയാൾ ഇപ്പോൾ ജയിലിലാണ്.
2016 മേയിൽ പാരിപ്പള്ളി സ്റ്റേഷനിൽ എസ്.ഐ ആയാണ് ജോയി സർവിസിൽ നിന്ന് വിരമിച്ചത്. ഭാര്യ: മേരിക്കുട്ടി ജോയി. മക്കൾ: ജോബിൻ കെ. ജോയി, ജിജി കെ. ജോയി, മരുമക്കൾ: റീമ എസ്തേർ ജേക്കബ് പണിക്കർ, ഫാ. തോമസ് പുന്നൂസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.