മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ മത്സരിച്ചേക്കും
text_fieldsതൃശൂർ: മുൻ മന്ത്രിയും സ്പീക്കറുമായ കെ. രാധാകൃഷ്ണൻ വീണ്ടും തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക്. നിയമസഭ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ സ്ഥാനാർഥിയായേക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച വന്നു. തൃശൂർ ജില്ല കമ്മിറ്റി നൽകിയ സ്ഥാനാർഥി സാധ്യത പട്ടികയിൽ ഭൂരിഭാഗം പേരുകളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. മൂന്ന് ടേം എന്ന പരിഗണന അംഗീകരിച്ച സെക്രട്ടേറിയറ്റിൽ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജില്ല കമ്മിറ്റി നൽകിയ പട്ടികയിലെ പേരുകളാണ് ഒഴിവാക്കിയത്.
ഗുരുവായൂരിൽ കെ.വി. അബ്ദുൾ ഖാദറിന് പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ബേബി ജോണിനെ ആയിരുന്നു ജില്ല കമ്മിറ്റി നിർദേശിച്ചത്. എന്നാൽ, സംസ്ഥാന നേതൃത്വം അത് അംഗീകരിച്ചില്ല. ഇവിടെ ചാവക്കാട് നഗരസഭ മുൻ ചെയർമാൻ കൂടിയായ എൻ.കെ. അക്ബറിനെയാണ് സാധ്യതയിൽ സൂചിപ്പിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിൽ ജില്ല സെക്രട്ടേറിയറ്റ് അംഗമായ സേവ്യർ ചിറ്റിലപ്പിള്ളിയെയും പരിഗണിക്കുന്നില്ല. അവിടെ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണനെയാണ് മുഖ്യപരിഗണന നൽകുന്നത്. മന്ത്രി സി. രവീന്ദ്രനാഥ് ഒഴിയുന്ന പുതുക്കാട് സി.ഐ.ടി.യു ജില്ല പ്രസിഡൻറും പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രാമചന്ദ്രനെയാണ് നിർദേശിച്ചത്.
എന്നാൽ, ഇതും സംസ്ഥാന നേതൃത്വത്തിന് തൃപ്തിയില്ല. മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ ചാലക്കുടിയിൽ ബി.ഡി. ദേവസിക്ക് പകരം യു.പി. ജോസഫിനെയും ജില്ല പഞ്ചായത്ത് മുൻ അംഗം കൂടിയായ സി.എസ്. സുമേഷിെൻറയും പേരുകൾ പരിഗണിക്കപ്പെടുന്നുണ്ട്. പുതുക്കാട് എ. വിജയരാഘവൻ സ്ഥാനാർഥിയാകുമോയെന്നതും നേതൃത്വം സംശയത്തോടെ സൂചിപ്പിക്കുന്നു.
കെ. രാധാകൃഷ്ണനെ തൃശൂർ ജില്ലയിലേക്കല്ല പരിഗണിക്കുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.