പൂർവ വിദ്യാർഥിയുടെ ആത്മഹത്യ: കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ അവധിയിലേക്ക്
text_fieldsകോഴിക്കോട്: പൂർവ വിദ്യാർഥിയുടെ ആത്മഹത്യക്ക് പിന്നാലെ കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണ അവധിയിൽ പ്രവേശിക്കുന്നു. ആത്മഹത്യാകുറിപ്പിൽ ഡയറക്ടറെക്കുറിച്ച് പരാമർശം ഉള്ളതിനാൽ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫസർ സതീദേവിക്കാണ് പകരം ചുമതല.
എൻ.ഐ.ടിയിലെ പൂർവ വിദ്യാർഥിയും പഞ്ചാബിലെ ലവ്‌ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിലെ (എൽ.പി.യു) വിദ്യാർഥിയുമായ ആഗിൻ എസ്. ദിലീപിനെ (22) ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2018ല്‍ കോഴിക്കോട് എൻ.ഐ.ടിയിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് ആഗിൻ പ്രവേശനം നേടിയിരുന്നു. എന്നാൽ പഠനം പാതിയിൽ ഉപേക്ഷിച്ച് പഞ്ചാബ് ഫഗ്വാരയിലെ ലവ്‌ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിൽ (എൽ.പി.യു) ചേരുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇവിടെ പ്രവേശനം നേടിയത്. എൽ.പി.യുവിൽ ബാച്‌ലർ ഓഫ് ഡിസൈൻ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു.
എൻ.ഐ.ടിയിൽ ഒന്നാം വർഷ അവസാനം ആവശ്യം വേണ്ട 24 ക്രെഡിറ്റുകൾ നേടാൻ ആഗിന് കഴിഞ്ഞില്ല. കോഴ്സ് നാലാം വർഷത്തിലെത്തിയിട്ടും ഒന്നാം വർഷത്തിൽ ആവശ്യമായ ക്രെഡിറ്റ് നേടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ചട്ടപ്രകാരം വിദ്യാർഥിക്ക് കോഴ്സിൽ തുടരാനുള്ള അർഹത ഇല്ലാതാവുകയായിരുന്നു എന്നാണ് എൻ.ഐ.ടി അധികൃതർ പറയുന്നത്.
എൻ.ഐ.ടിയിലെ പഠനം ഉപേക്ഷിക്കാൻ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തിയെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. ചേർത്തല പള്ളുരുത്തി ദിലീപിന്‍റെ മകനാണ് ആഗിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.