ഗവർണർക്ക് പിന്തുണയുമായി മുൻ വി.സിമാർ
text_fieldsതിരുവനന്തപുരം: ഇടതുസംഘടനകളുടെ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി മുൻ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ രംഗത്ത്. കേരള സർവകലാശാല മുൻ വി.സി ഡോ.എ. ജയകൃഷ്ണൻ, കാലിക്കറ്റ് മുൻ വി.സി ഡോ.എം. അബ്ദുൽ സലാം, കേന്ദ്രസർവകലാശാല മുൻ വി.സി ഡോ. ഗോപകുമാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും റിട്ട. അംബാസഡറുമായ ടി.പി. ശ്രീനിവാസൻ തുടങ്ങിയവരാണ് ഗവർണർക്ക് പിന്തുണയുമായി രംഗത്തുവന്നത്. കേരള വിദ്യാഭ്യാസ പരിഷ്കരണ ഫോറം തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, കോൺേക്ലവിനു പിന്നിൽ ബി.ജെ.പിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സര്‍വകലാശാലകളുടെ സ്വയംഭരണം കടലാസിലൊതുങ്ങിയെന്ന് കോണ്‍ക്ലേവിലെ പ്രമേയം വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള കര്‍മപദ്ധതി 10-15 വര്‍ഷം മുമ്പ് തയാറാക്കി നല്‍കിയെങ്കിലും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന് ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ ചെയര്മാൻ ടി.പി. ശ്രീനിവാസന് പറഞ്ഞു. രാഷ്ട്രീയസ്വാധീനമുള്ള സെനറ്റും സിന്‍ഡിക്കേറ്റുമാണ് സര്‍വകലാശാല ഭരിക്കുന്നതെന്ന് ഡൽഹി യൂനിവേഴ്സിറ്റി ഗാന്ധിഭവന് മുന്‍ കാമ്പസ് ഡയറക്ടര്‍ അധ്യക്ഷനായ ഡോ.എന്‍. രാധാകൃഷ്ണന് നായര്‍ വിമര്‍ശിച്ചു. വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതായി കേരള മുൻ വി.സി ഡോ. ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. കാമ്പസ് രാഷ്ട്രീയം ഒരു വലിയ റിസര്‍വോയര്‍ ആണെന്നും കുറച്ചുപേര്‍ക്ക് മാത്രമേ അതിനു മുകളിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂവെന്നും കേന്ദ്ര സർവകലാശാല മുന്‍ വി.സി ഡോ.ജി. ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്നപ്പോള്‍ താന്‍ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് കേരള ഗവര്‍ണര്‍ അനുഭവിക്കുന്നതെന്ന് ഡോ. അബ്ദുൽ സലാം അഭിപ്രായപ്പെട്ടു. കേരള സര്‍വകലാശാല മുന്‍ സെനറ്റംഗം വി. സുഭാഷ്കുമാര്‍, പന്തളം എന്‍.എസ്.എസ്. കോളജ് മുന്‍ പ്രിന്‍സിപ്പൽ പി.എം. മാലിനി, ഡോ. മധുസൂദനന് പിള്ള, വി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.