ശുചിമുറി സൗകര്യമില്ലാതെ ഫോർട്ട്കൊച്ചി; ആ‘ശങ്ക’ അകറ്റാൻ കഴിയാതെ സഞ്ചാരികൾ
text_fieldsമട്ടാഞ്ചേരി: കൊച്ചി കാണാനെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക കാര്യങ്ങൾക്കുപോലും സൗകര്യമില്ലാതെ കാർണിവൽ ആഘോഷ പ്രദേശമായ തീരദേശ പൈതൃക കൊച്ചി. ശുചിമുറികൾ ഒരുക്കാനുള്ള ഭരണകൂടത്തിന്റെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങുമ്പോൾ ആശങ്ക അകറ്റാൻ കഴിയാതെ വലയുകയാണ് ജനങ്ങളും സഞ്ചാരികളും. സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
വലിയ ഹോട്ടലുകളിൽ കയറി കാര്യം സാധിക്കേണ്ട ഗതികേടിലാണ് സഞ്ചാരികൾ. പതിറ്റാണ്ടിലേറെയായി പൈതൃക-ടൂറിസം കേന്ദ്രമായ കൊച്ചിയിൽ ടൂറിസം ഏജൻസികളും ജനകീയ പരിസ്ഥിതി സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ അവഗണന തുടരുകയാണ്.
നഗരസഭ തലത്തിലും സംസ്ഥാന ജില്ലാതല ടൂറിസം വികസന ഏജൻസികളിലും വിവിധ സംഘടനകൾ നിവേദനങ്ങൾ നൽകിയെങ്കിലും എല്ലാം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ടൂറിസം പൊതുമരാമത്ത് മന്ത്രി ശുചിമുറി സൗകര്യം ഒരുക്കുമെന്ന് പലതവണ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. സ്മാർട്ട് സിറ്റി, ടൂറിസം വികസനം, നഗര സൗന്ദര്യവത്കരണം, ബീച്ച് ബ്യൂട്ടിഫിക്കേഷൻ തുടങ്ങി കോടികളുടെ പദ്ധതികൾ നടക്കുന്നുണ്ടെങ്കിലും ശുചിമുറി സംവിധാനമെന്നത് വിസ്മരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
പ്രതിവർഷം മൂന്ന് ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകളും 10 ലക്ഷത്തിലേറെ, ആഭ്യന്തര സഞ്ചാരികളുമെത്തുന്ന കേന്ദ്രമാണ് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലകൾ. കൂടാതെ ഒരേ സമയം ലക്ഷങ്ങൾ പങ്കെടുക്കുന്ന കാർണിവൽ, ബിനാലെ തുടങ്ങിയ ആഘോഷങ്ങളും നടക്കുന്നുണ്ട്.
എന്നാൽ, അടിസ്ഥാന സൗകര്യത്തിൽ തീരദേശ കൊച്ചിയുടെ റാങ്കിങ് ഏറെ പിന്നിലാണെന്നാണ് ടൂറിസ്റ്റ് ഗൈഡുകളും ഏജൻസികളും ഹോം സ്റ്റേ ഉടമകളും അഭിപ്രായപ്പെടുന്നത്. ശുചിമുറിയൊരുക്കുന്നതിൽ അധികൃതരുടെ അവഗണനയിൽ വലയുകയാണ് തീരദേശ പൈതൃക നഗരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.