ചുരുട്ടിയെറിഞ്ഞിട്ടും വിടാതെ മുക്കാൽ കോടിയുടെ സൗഭാഗ്യം
text_fieldsനീലേശ്വരം: ചൊവ്വാഴ്ച നറുക്കെടുത്ത കേരള സർക്കാറിെൻറ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75 ലക്ഷം രൂപ നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനു സമീപത്തെ ശ്രീനിവാസനെ പിന്തുടർന്നുവന്നു. സാധരണ ലോട്ടറി എടുക്കുന്ന സ്വഭാവക്കാരനല്ല. അവശരായ ലോട്ടറി വിൽപനക്കാരെ കണ്ടാൽ സഹാനുഭൂതി കാരണം ടിക്കറ്റ് എടുക്കുമെങ്കിലും ഫലം നോക്കാറില്ല.
അമ്പലത്തറ മൂന്നാം മൈലിൽ ഡിജിറ്റൽ കേബിൾ വിഷൻ നടത്തുന്ന ശ്രീനിവാസൻ കഴിഞ്ഞാഴ്ച നീലേശ്വരം മന്നൻപുറത്ത് കാവിൽ പ്രാർഥിച്ച് മടങ്ങുമ്പോൾ നടയിൽ തന്നെ ലോട്ടറി ടിക്കറ്റുമായി നിൽക്കുന്ന വൃദ്ധനെ കണ്ടപ്പോൾ പതിവുപോലെ ടിക്കറ്റെടുക്കുകയും ചെയ്തു. ഫലം വന്നെങ്കിലും നോക്കിയിരുന്നില്ല. ടിക്കറ്റ് വിറ്റ മടിക്കൈ മലപ്പച്ചേരി എരിപ്പിെല രാഘവൻ സമ്മാനം ലഭിച്ച ഭാഗ്യവാനെ തേടി പല സ്ഥലത്തും അലഞ്ഞു. എന്നിട്ടും ഭാഗ്യവാനെ കണ്ടെത്താനായില്ല.
ശനിയാഴ്ച സീതാംഗോളി ക്ഷേത്രത്തിൽ തെയ്യം കെട്ട് കാണാൻ ചെന്നപ്പോൾ കാറിെൻറ പെട്ടിയിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകളെല്ലാം ചുരുട്ടി കളഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ദിനേശൻ ചുരുട്ടി കളഞ്ഞ ടിക്കറ്റുകൾ എടുത്തു നോക്കിയപ്പോൾ ഡിസംബർ മാസം മുതൽ ഫലം പരിശോധിക്കാത്ത നിരവധി ടിക്കറ്റുകളുണ്ടായിരുന്നു. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ച എസ്.കെ 575906 ടിക്കറ്റും അതിലുണ്ടായിരുന്നു. ഒന്നാം സമ്മാനം അടിച്ച കാര്യം ശ്രീനിവാസനെ അറിയിച്ചെങ്കിലും വിശ്വാസം വന്നില്ല. പിന്നീട് ടിക്കറ്റ് നോക്കിയപ്പോഴാണ് സമ്മാനം തനിക്ക് തന്നെയാണെന്ന് ഉറപ്പായത്. എങ്കിലും വിശ്വസിക്കാനായില്ല. ഒടുവിൽ ലോട്ടറി ഏജൻസിയിൽ ചെന്നാണ് സത്യം ഉറപ്പിച്ചത്.
പല കച്ചവടങ്ങളും നടത്തി പച്ചപിടിക്കാതിരുന്ന ശ്രീനിവാസൻ അടുത്ത കാലത്താണ് കേബിൾ വിഷൻ തുടങ്ങിയത്. ശ്യായാണ് ഭാര്യ. മക്കൾ: വൈഗ, വേദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.