ധർമടത്ത് ധർമസങ്കടം
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തങ്ങളില്ലെന്ന് ഫോർഡ്വേഡ് േബ്ലാക്ക് അറിയിച്ചതോടെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങൾ 93 ആയി.
ദുർബല സ്ഥാനാർഥിയെ നിർത്തി വോട്ടുമറിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നുവെന്ന സി.പി.എം ആരോപണത്തെ തുടർന്ന് മലമ്പുഴ സീറ്റിലെ ഘടകകക്ഷി സ്ഥാനാർഥി ജോൺ ജോണിനെ മാറ്റി ആ സീറ്റ് കോൺഗ്രസ് തിരിച്ചുവാങ്ങിയിരുന്നു.
പലവിധ ധർമസങ്കടങ്ങൾക്കൊടുവിലാണ് അനുവദിച്ചുകിട്ടിയ ധർമടം സീറ്റ് ഫോർവേഡ് ബ്ലോക്ക് വേണ്ടെന്നുവെച്ചത്. ഇടതുപക്ഷ നേതാവിനെതിരെ മറ്റൊരു ഇടതുപക്ഷ പാർട്ടി മത്സരിക്കുന്നത് ശരിയല്ലെന്ന ന്യായമാണ് ഫോർവേഡ് ബ്ലോക്ക് പുറമെ പറയുന്നത്. ഈ വാദത്തിന് പക്ഷേ, വലിയ അടിത്തറയൊന്നുമില്ല.
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചാണ്. പശ്ചിമബംഗാളിലും കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചുതന്നെ. അതിനിടയിലാണ് കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും നേർക്കുനേർ പോരാട്ടം നടത്തുന്നത്. ഇടതുപക്ഷക്കാരായ ഫോർവേഡ് ബ്ലോക്കിനെ കേരളത്തിൽ സഖ്യകക്ഷിയാക്കാൻ സി.പി.എം തയാറാകാതെവന്നപ്പോഴാണ് അവർ യു.ഡി.എഫ് പാളയത്തിൽ എത്തിയത്.
മറ്റൊരു ഇടതുപാർട്ടിയായ ആർ.എസ്.പിയും സി.പി.എമ്മുമായി തെറ്റി യു.ഡി.എഫിനൊപ്പമാണ്. അഞ്ചു മണ്ഡലങ്ങളിൽ അവർ എൽ.ഡി.എഫ് സ്ഥാനാർഥികളെ നേരിടുകയും ചെയ്യുന്നു.
ചോദിച്ച സീറ്റ് നൽകാതെ ധർമടത്തേക്ക് പറഞ്ഞുവിടേണ്ട എന്ന് ഫോർവേഡ് േബ്ലാക്ക് കോൺഗ്രസിനെ അറിയിച്ചതാണ്. കൊല്ലം, ചാത്തന്നൂർ, കുണ്ടറ സീറ്റുകളിലൊന്ന് വിട്ടുനൽകണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചില്ല. അതിനുപകരം ധർമടത്തേക്ക് അയച്ചാൽ അവിടത്തെ പോരാട്ടത്തിന് തക്കവിധം അവിടെ പാർട്ടിക്ക് അണികളില്ല, പണവുമില്ല.
രണ്ടുമില്ലാതെ സ്ഥാനാർഥിത്വം കിട്ടിയിട്ട് കാര്യമില്ല. യു.ഡി.എഫ് ഘടകകക്ഷിയായ ശേഷം ആദ്യമായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണെങ്കിലും അതിൽ ഭേദം മത്സരിക്കാതിരിക്കുന്നതാണെന്ന് ഫോർവേഡ് ബ്ലോക്ക് തീരുമാനിച്ചു.
അങ്ങനെ തിരിച്ചെടുത്ത സീറ്റിൽ കോൺഗ്രസും പറ്റിയ സ്ഥാനാർഥിക്ക് വേണ്ടി പരതുകയാണ്. ബി.െജ.പിക്കെതിരെ നേമം സീറ്റിൽ കെ. മുരളീധരനെ ഇറക്കാനായെങ്കിലും, പിണറായി വിജയനെതിരെ പറ്റിയ സ്ഥാനാർഥിയെ തേടി അലച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.