മുന്നാക്കസംവരണം: സംസ്ഥാന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണം മുസ്ലിം സംഘടനകൾ
text_fieldsമലപ്പുറം: സുപ്രീംകോടതി വിധി വരുന്നതിനുമുമ്പുതന്നെ മുന്നാക്കസംവരണം നടപ്പാക്കിയ സംസ്ഥാനസര്‍ക്കാർ ആ നടപടി പുനഃപരിശോധിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
ഇതിെൻറ നിയമസാധുത പരിശോധിക്കാനുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിവിധ സംവരണ സംഘടനകള്‍ അതിൽ കക്ഷിചേര്‍ന്നിട്ടുണ്ട്. കേസില്‍ തീരുമാനമാകും മുമ്പേ സംസ്ഥാനസര്‍ക്കാര്‍ മുന്നാക്കസംവരണം നടപ്പാക്കിയത് പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയും മുന്നാക്കപ്രീണനവുമാണ്.
സംവരണത്തിെൻറ അടിസ്ഥാനപ്രമാണത്തെ തകര്‍ക്കുന്ന തീരുമാനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും ജനസംഖ്യാനുപാതികമായി സംവരണത്തോത് പുനഃക്രമീകരിക്കണമെന്നും യോഗതീരുമാനങ്ങൾ വിശദീകരിക്കവെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
ഒക്ടോബർ 28ന് എറണാകുളത്ത് സംവരണ സമുദായ നേതാക്കളുടെ യോഗംചേരുമെന്നും തുടര്‍ സമരപരിപാടികൾ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും ഇവർ പറഞ്ഞു. കേരളത്തിലെ വിവിധ വിഭാഗങ്ങളുടെ തൊഴില്‍-വിദ്യാഭ്യാസ പ്രാതിനിധ്യത്തെക്കുറിച്ച് പഠനം നടത്തണം.
കോവിഡ് ബാധിച്ച് മരിക്കുന്ന മൃതദേഹങ്ങളോട് കേരളം കാണിക്കുന്ന അനാദരവ് ഒരുരീതിയിലും ന്യായീകരിക്കാനാവില്ല. കര്‍ണാടക സര്‍ക്കാര്‍ ചെയ്തപോലെ പ്രത്യേക മാര്‍ഗനിര്‍ദേശം തയാറാക്കണം. വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം ആശങ്കജനകമെന്നും നേതാക്കള്‍ പറഞ്ഞു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍, കെ. കുട്ടി അഹമ്മദ് കുട്ടി (മുസ്ലിം ലീഗ്), എന്‍.വി. അബ്ദുറഹിമാന്, ഡോ. മജീദ് സ്വലാഹി (കെ.എന്‍.എം), ഡോ. ഇ.കെ. അഹമ്മദ് കുട്ടി (കെ.എന്‍.എം മര്‍ക്കസുദഅ്വ), ടി.കെ. അഷ്റഫ്, മുഹമ്മദ് അജ്മല്‍ (വിസ്ഡം), മുഹമ്മദ് ഇബ്രാഹീം (കേരള മുസ്ലിം ജമാഅത്ത്), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), ഇ.പി. അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുല്‍ ഉലമ), പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ (എം.എസ്.എസ്), വി. മൊയ്തുട്ടി (എം.ഇ.എസ്), ശംസുദ്ദീന്‍ ഖാസിമി (ജംഇയ്യതുല്‍ ഉലമ ഹിന്ദ്), അബ്ദുല്‍ ഹൈര്‍ മൗലവി (തബ്ലീഗ് ജമാഅത്ത്) എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.