മുന്നോക്ക സമുദായ വിദ്യാർഥി സംവരണം ഭരണഘടനാ വിരുദ്ധം; ഈഴവർക്കുള്ള സംവരണം ഇരട്ടിയാക്കണം -എസ്.എൻ.ഡി.പി
text_fieldsകൊല്ലം: വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട മുന്നോക്ക സമുദായ വിദ്യാർഥി സംവരണം സാമൂഹ്യനീതിക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്.എൻ.ഡി.പി യോഗം. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയിലും ഇക്കാര്യം അംഗീകരിക്കപ്പെട്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ 15(4), 16(4) വകുപ്പുകള്‍ സാമ്പത്തിക സംവരണത്തിൻെറ സാധ്യതകളെ വ്യക്തമായി ഖണ്ഡിക്കുന്നതും, തള്ളിക്കളയുന്നതുമാണ്. ആയതിനാല്‍ തൊഴില്‍ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഭരണഘടന 103-ാം ഭേദഗതിയിലൂടെ 2019 ജനുവരി 12ന് നിലവില്‍ വന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ നടപ്പിലാക്കുന്ന സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയില്‍ പുതിയതായി ചേര്‍ക്കപ്പെട്ട 15(6), 16(6) എന്നീ വകുപ്പുകള്‍ അസ്ഥിരപ്പെടുത്തുവാനും, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുവാനും എസ്.എന്‍.ഡി.പി യോഗം ഉള്‍പ്പെടെയുള്ള സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക സമുദായ അംഗങ്ങളും, മുന്നോക്ക ക്രൈസ്തവ സമുദായ അംഗങ്ങളും ചേര്‍ന്നു വരുന്ന 26 ശതമാനം ജനതയില്‍ 80 ശതമാനവും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥ പങ്കാളിത്തം കൊണ്ടും മുന്നില്‍ നില്‍ക്കുന്നവരാണ്. സാമ്പത്തിക സംവരണത്തിൻെറ ഗുണഭോക്താക്കള്‍ കേരള ജനസംഖ്യയിലെ അഞ്ച് ശതമാനം മാത്രം വരുന്ന ജനവിഭാഗമാണ്. ഇവർക്ക് വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും 10 ശതമാനം സംവരണം ലഭിക്കുമ്പോൾ 29 ശതമാനം വരുന്ന ഈഴവ/ തീയ്യ/ബില്ലവ സമുദായത്തിന് വിവിധ വിദ്യാഭ്യാസ മേഖയില്‍ ലഭിക്കുന്ന സംവരണം കേവലം മൂന്ന് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ മാത്രമാണ്.
ഈഴവ/തീയ്യ/ബില്ലവ സമുദായത്തിന് നിലവിലുള്ള വിദ്യാഭ്യാസ സംവരണം ഇരട്ടിയായി വർധിപ്പിക്കുകയും എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമുദായത്തിന് അനുവദിക്കുകയും ചെയ്ത് സാമൂഹ്യ നീതി നടപ്പിലാക്കണമെന്നും എസ്.എൻ.ഡി.പി യോഗം സംസ്ഥാന സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.