ഇത് സ്നേഹ പരിചരണത്തിന്റെ ‘മാതൃ’ക സ്പർശം
text_fieldsകൊച്ചി: കുഞ്ഞുസ്വപ്നങ്ങൾക്കുമേൽ കരിനിഴൽവീണ നാളിൽ കാരുണ്യസ്പർശമായെത്തിയ മുഖം നോക്കി അവർ അമ്മയെന്ന് വിളിച്ചു. സാന്ത്വനത്തിെൻറ തഴുകൽ നെറ്റിത്തടത്തിലൂടെ ഒഴുകിയപ്പോൾ കൈകൾ ചേർത്തുപിടിച്ചവർ അച്ഛനെ കണ്ടു. ഫോസ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി കുട്ടികളെ ഏറ്റെടുക്കാനെത്തുമ്പോൾ ശിശുക്ഷേമ സമിതി അധികൃതർക്ക് മുന്നിലെ കാഴ്ചകൾ ഇങ്ങനെ. അവസാനിച്ചെന്ന് കരുതിയ ഭാവിയെക്കുറിച്ച് പുതിയ സ്വപ്നങ്ങൾ നെയ്തുതുടങ്ങിയത് ഈ വർഷം ഇതുവരെ 145 കുട്ടികളാണ്. കുടുംബങ്ങളിലെ പ്രതികൂല സാഹചര്യം കാരണം മാതാപിതാക്കൾക്കൊപ്പമോ മറ്റ് ബന്ധുക്കളോടൊപ്പമോ കഴിയാനാവാത്ത കുട്ടികൾക്ക് മറ്റ് കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന ഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം. അതത് ജില്ലകളിലെ ജില്ല ശിശുക്ഷേമ സമിതികളിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടെത്തിയാണ് പദ്ധതിയുടെ ഭാഗമാകേണ്ടത്. ഹ്രസ്വകാലയളവിലേക്ക് എല്ലാവിധ സംരക്ഷണവും നൽകാൻ താൽപര്യമുള്ള രക്ഷിതാക്കൾക്കാണ് കുട്ടികളെ ഏറ്റെടുക്കാൻ കഴിയുക. ആറുമാസം, ഒരുവർഷം, രണ്ടുവർഷം തുടങ്ങിയ കാലയളവുകളിലേക്ക് സംരക്ഷണം ഏറ്റെടുക്കാം.
സ്വന്തം മാതാപിതാക്കൾക്ക് കുട്ടിയുടെ മേലുള്ള അവകാശങ്ങളോ ചുമതലകളോ നഷ്ടപ്പെടുന്നില്ലെന്നതാണ് പദ്ധതിയുടെ പ്രത്യേകത. തൃപ്തികരമായി അഞ്ചുവർഷം ദാമ്പത്യം പൂർത്തിയാക്കിയവർ, കുട്ടിയുമായി ബന്ധമുള്ളവർ, ഒന്നിലധികം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ താൽപര്യമുള്ള സംഘടനകൾ തുടങ്ങിയവർക്ക് ഫോസ്റ്റർ രക്ഷിതാവാകാം. മാതാവിന് 30നും 60നും ഇടയിലും പിതാവിന് 65ന് താഴെയുമാകണം പ്രായം.
സ്ഥാപനത്തിൽ കഴിയുന്ന കുട്ടികൾ, കുടുംബത്തിൽ വേണ്ടത്ര പരിചരണം ലഭിക്കാത്തവർ, മാതാപിതാക്കളുടെ അനാരോഗ്യമോ മരണമോ കുടുംബ പ്രതിസന്ധികളോ മൂലം സംരക്ഷണം കിട്ടാത്തവർ, മാതാപിതാക്കളിലൊരാൾ ഉപേക്ഷിച്ച് പോയവർ, മാനസികരോഗമുള്ള വ്യക്തിയുടെ കുട്ടികൾ എന്നിങ്ങനെയുള്ളവരെയാണ് ഫോസ്റ്റർ കെയറിന് നൽകുന്നത്. കുട്ടിയെ ഏറ്റെടുക്കാൻ ശിശുസംരക്ഷണ യൂനിറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി രേഖകൾ നൽകിയാൽ കൗൺസലിങ്, അന്വേഷണം എന്നിവ നടക്കും.
പരസ്പരം പരിചയപ്പെടുത്തലും വൈദ്യപരിശോധനയും നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാകും കുട്ടികളെ നൽകുക. തുടർന്നും റിപ്പോർട്ട് നൽകലും അന്വേഷണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.