ബാണാസുര ഡാം അപകടം: നാലാമത്തെ മൃതദേഹവും കണ്ടെത്തി
text_fieldsപടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കോഴിക്കോട് ചെമ്പുകടവ് വട്ടച്ചോട് ബിനു (42)വിെൻറ മൃതദേഹമാണ് വെള്ളിയാഴ്ച ലഭിച്ചത്. ഇതോടെ അപകടത്തിൽ കാണാതായ നാലുപേരുടെ മൃതദേഹവും ലഭിച്ചു. വെള്ളിയാഴ്ച അതിരാവിലെ പടിഞ്ഞാറത്തറ എസ്.ഐ പി.എ. അബൂബക്കറിെൻറ നേതൃത്വത്തിലെത്തിയ സംഘമാണ് അപകടം നടന്ന സ്ഥലത്തിനോട് ചേർന്ന് വെള്ളത്തിൽ പൊങ്ങിയ മൃതദേഹം കണ്ടത്. രാവിലെ മാനന്തവാടി ജില്ല ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ബിനുവിെൻറ മൃതദേഹംകൂടി കണ്ടെടുത്തതോടെ അഞ്ചുദിവസമായി തുടരുന്ന തിരച്ചിലിനാണ് വിരാമമായത്. ഞായറാഴ്ച രാത്രി 11.15ഓടെയാണ് കൊട്ടത്തോണി മറിഞ്ഞ് ഏഴുപേർ അപകടത്തിൽ പെട്ടത്. ഇതിൽ മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കാണാതായ നാലുപേരിൽ രണ്ടുപേരുടെ മൃതദേഹം ബുധാഴ്ചയും ഒരാളുടേത് വ്യാഴാഴ്ചയും കണ്ടെത്തിയിരുന്നു. തരിയോട് പടിഞ്ഞാറെക്കുടിയിൽ വിൽസൻ (50), തുഷാരഗിരി ചെമ്പുക്കടവ് മണിത്തൊട്ടിൽ മെൽബിൻ (34), നെല്ലിപ്പൊയിൽ കാട്ടിലടത്ത് സച്ചിൻ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നാവികസേന, അഗ്നിരക്ഷ സേന, തുർക്കി ജീവൻരക്ഷ സമിതി, നാട്ടുകാർ എന്നിവരെല്ലാം ദുരന്തത്തിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവർത്തനത്തിൽ പങ്കാളികളായി. കനത്ത മഴയും കാറ്റുമുള്ള സമയത്ത് തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ചെയർമാനായ സമിതി രൂപവത്കരിച്ചതായി ജില്ല കലക്ടർ എസ്. സുഹാസ് അറിയിച്ചു.
ബിനുവിെൻറ മൃതദേഹംവെള്ളിയാഴ്ച രണ്ടുമണിയോടെ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മാതാവ്: കുട്ടിയമ്മ. ഭാര്യ: സുനിത. മക്കൾ: ജിത്തു, ജിതിന, നയന. സഹോദരി: മിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.