തമിഴ്നാട്ടിലെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ മുസ്ലിം ലീഗ് സ്ഥാപകനും; നന്ദി അറിയിച്ച് മുനവ്വറലി തങ്ങൾ
text_fieldsകോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തിഴ്നാട്ടിൽ പ്രദർശിപ്പിച്ച ടാബ്ലോയിലെ മുസ്ലിം ലീഗ് സ്ഥാപകൻ മുഹമ്മദ് ഇസ്മാഈൽ സാഹിബിനെയും ഉൾപ്പെടുത്തിയ സ്റ്റാലിനും ഡി.എം.കെ സർക്കാറിന് നന്ദി അറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. തമിഴ്നാട്ടിൽ സ്റ്റാലിൻ ഭരണകൂടം ആ നേതാവിന് നൽകുന്ന ആദരവ് അഭിമാനകരമാണെന്ന് മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
തലൈവർ കരുണാനിധിയുടെ സ്നേഹഭാജനം ഇന്ന് മകൻ സ്റ്റാലിന്‍റെയും പ്രിയങ്കരൻ. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശിൽപികളിൽ ഒരാളാണെന്ന് സ്റ്റാലിൻ മനോഹരമായി പറഞ്ഞുവെക്കുന്നുവെന്നും മുനവ്വറലി തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
തമിഴ് നാട്ടിലെ ജില്ലകളിൽ സ്റ്റാലിൻ സർക്കാർ അവതരിപ്പിക്കുന്ന ടാബ്ലോയിലെ താടിവെച്ച തൊപ്പി ധാരി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബാണ്. ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധികരിച്ച് ഇന്ത്യയുടെ ഭരണഘടനക്ക് താഴെ ഒപ്പ് ചാർത്തിയ ദയാ മൻസിലിലെ സൂഫി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപകൻ. തമിഴ്നാട്ടിൽ സ്റ്റാലിൻ ഭരണകൂടം ആ നേതാവിന് നൽകുന്ന ആദരവ് അഭിമാനകരമാണ്. തലൈവർ കരുണാനിധിയുടെ സ്നേഹഭാജനം ഇന്ന് മകൻ സ്റ്റാലിന്‍റെയും പ്രിയങ്കരൻ. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശിൽപികളിൽ ഒരാളാണെന്ന് സ്റ്റാലിൻ മനോഹരമായി പറഞ്ഞുവെക്കുന്നു !
സ്റ്റാലിൻ ഭരണകൂടത്തോടും തമിഴ് ജനതയോടും ഹൃദയം നിറഞ്ഞ നന്ദി !
ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ അവതരിപ്പിക്കാനായി തമിഴ്നാട് തയാറാക്കിയ ടാബ്ലോ കേന്ദ്ര സർക്കാറിന്റെ റിപ്പബ്ലിക് ദിന പരേഡ് ഫ്ലോട്ട് നിർണയ സമിതി നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ റിപ്പബ്ലിക്ദിന പരിപാടിയിൽ ടാബ്ലോ പ്രദർശിപ്പിക്കാനും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ടാബ്ലോയുടെ പര്യടനം നടത്താനും സ്റ്റാലിൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
റിപ്പബ്ലിക്ദിന പരേഡിൽ റാണി വേലുനാച്ചിയാർ, വി.ഒ.സി എന്ന വി.ഒ. ചിദംബരം പിള്ളൈ, മഹാകവി ഭാരതിയാർ എന്ന സുബ്രഹ്മണ്യ ഭാരതി ഉൾപ്പെടെ സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം ആസ്പദമാക്കിയ പ്രമേയമാണ് തമിഴ്നാട് തയാറാക്കിയത്. കോവിഡ് കണക്കിലെടുത്ത് ഫ്ലോട്ടുകളുടെ എണ്ണം 12 ആയി കുറച്ചതാണ് നിരാകരണ കാരണമായി കേന്ദ്രം പറയുന്നത്.
തെന്നിന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന കർണാടകയുടെ ഫ്ലോട്ടിന് മാത്രമാണ് റിപ്പബ്ലിക് ദിന പരേഡ് ഫ്ലോട്ട് നിർണയ സമിതി അനുമതി ലഭിച്ചത്. കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും ഒഴിവാക്കിയിരുന്നു. റിപ്പബ്ലിക് ദിന പരേഡിൽ കേരളം നിർദേശിച്ച ശ്രീനാരായണ ഗുരുവിന്റെയും പശ്ചിമ ബംഗാളിന്റെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഫ്ലോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.