കഴുത്തിൽ കത്തിവെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ നാലുപേർ അറസ്റ്റിൽ
text_fieldsചാവക്കാട് (തൃശൂർ): പാലുവായിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മരുതയൂർ സ്വദേശി കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് രഘു (വൈശു -23), പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ ജിതിൻ ശിവകുമാർ (അപ്പു -24), മരുതയൂർ സ്വദേശി മത്രംകോട്ട് വീട്ടിൽ ജിഷ്ണുബാൽ ബാലകൃഷ്ണൻ (ജിഷ്ണു -25), പാലുവായ് സ്വദേശി കുരിക്കൾ വീട്ടിൽ ശബരിനാഥ് ബാലകൃഷ്ണൻ (ശബരി 28) എന്നിവരെയാണ് ചാവക്കാട് പൊലീസും സിറ്റി പൊലീസ് കമ്മീഷണർ ആർ. ആതിഥ്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ചേർന്ന് വിവിധ സ്ഥലങ്ങളിലെ ഒളിത്താവളങ്ങളിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ 12ന് രാവിലെ ആറോടെ പാലുവായ് കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിന്‍റെ മകൻ അർജുനനെയാണ് (32) സംഘം ബലം പ്രയോഗിച്ച് കഴുത്തിൽ കത്തിവെച്ചും കണ്ണിൽ കുരുമുളകു സ്പ്രേ അടിച്ചും മർദിച്ച് കാറിൽ കയറ്റി തട്ടികൊണ്ടുപോയത്. മാസ്കും കൈയുറകളും ധരിച്ചെത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് അർജുനനെ തട്ടിക്കൊണ്ടുപോയത്.
സംഭവം അറിഞ്ഞയുടൻ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. ചാവക്കാട് എസ്.എച്ച്.ഒ അനിൽ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും ചെയ്തു. അർജുനനെ പിന്നീട് ചങ്ങരംകുളത്തുനിന്നും കണ്ടെത്തിയെങ്കിലും പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയി. സംഭവത്തിനു പിന്നിൽ സാമ്പത്തിക തർക്കമാണന്ന് പൊലീസ് പറഞ്ഞു. അർജ്ജുനനും അറസ്റ്റിലായ മരുതയൂർ സ്വദേശി ജിഷ്ണുബാലിൻറ ജേഷ്ടൻ ജിത്ത് ബാലും തമ്മിൽ രണ്ടു വർഷത്തിലധികമായി തുടരുന്ന ബിസിനസ് തർക്കങ്ങളുടേയും സാമ്പത്തിക തർക്കങ്ങളുടേയും തുടർച്ചയാണ് ഇപ്പോഴത്തെ തട്ടികൊണ്ടുപോകലെന്ന് പൊലീസ് വിശദീകരിച്ചു.
ചാവക്കാട് എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, പി.സി. സുനിൽ, പി. രാജ, എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എ.എസ്.ഐമാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സി.പി.ഒമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, ചാവക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ സജിത്ത്, സുനു, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജിജി, ഷുക്കൂർ, സി.പി.ഒമാരായ കെ. ആശിഷ്, എസ്. ശരത്ത്, മിഥുൻ, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കാർ വാടകക്കെടുത്തത് പൊന്നാനിയിൽനിന്ന്; നാളുകൾക്കു മുമ്പേ ആസൂതണം
അർജുനനെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ നാളുകൾക്കു മുമ്പേ ആസുണം ചെയ്തെന്ന് പൊലീസ്. സംഭവത്തിൽ അന്വേഷണം തങ്ങളുടെ പിന്നാലെ എത്താതിരിക്കാൻ ചെയ്ത ആസൂത്രണം പൊലീസിനെ കുഴക്കിയിരുന്നു. യുവാവിന്‍റെ വീട്ടിൽ നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന നീരീക്ഷണ കാമറകളുടെ കേബിൾ അറുത്തുമാറ്റിയ നിലയിലായിരുന്നു.
തട്ടികൊണ്ടുപോയ സംഘത്തിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. അവർ മലയാളം സംസാരിച്ചിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ വീട്ടുകാർക്ക് മുഖം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വിവിധ സംഘങ്ങളായി അന്വേഷണം നടത്തിയ പൊലീസ് സംഘം സമീപ പ്രദേശങ്ങളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചെങ്കിലും കേസന്വേഷണത്തിന് സഹായിക്കുന്ന ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല.
പിന്നീട് അർജുനനോട് മുൻവിരോധമുള്ള ആളുകളെകുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മരുതയൂരിലുള്ള മുൻ ബിസിനസ് പാർട്ടണർ ആയ യുവാവിനെ കുറിച്ച് വിവരം ലഭിച്ചത്. അയാൾ വീട്ടിലില്ലെന്ന് മനസ്സിലായി. രക്ഷപ്പെട്ട അർജുനിൽനിന്നും പ്രതികളെകുറിച്ചുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചതോടെ ബിസിനസ് പങ്കാളിയെകുറിച്ചും അയാളുടെ സംഘത്തെ കുറിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടാനായത്.
അറസ്റ്റിലായ നാലുപേരെ ചോദ്യം ചെയ്തതിൽ നിന്ന് ഈ മാസം തുടക്കം മുതൽ ഈ തട്ടികൊണ്ടുപോകലിൻറ ആസൂത്രണം തുടങ്ങിയിരുന്നുവെന്ന് മനസ്സിലായി. തട്ടികൊണ്ടുപോകലിന് ഇരയായ അർജ്ജുനനും ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട മരുതയൂർ സ്വദേശി ജിഷ്ണു ബാലിൻറ ജേഷ്ടൻ ജിത്ത് ബാലും തമ്മിൽ രണ്ടു വർത്തിലധികമായി നിലനിൽക്കുന്ന സാമ്പത്തിക തർക്കങ്ങളുടെ തുടർച്ചയാണ് തട്ടികൊണ്ടുപോകൽ.
ഈ മാസം പലയിടങ്ങളിൽവെച്ച് ഗൂഢാലോചന നടത്തി 11 ന് രാത്രി പൊന്നാനിയിൽനിന്നും കാർ വാടകക്കെടുത്ത് പ്രതികളെല്ലാം തൃശൂരിൽ ഒത്തുകൂടി. 12ന് പുലർച്ചെ തൃശൂരിൽനിന്ന് പുറപ്പെട്ടാണ് പാലയൂരിലെത്തിയത്. വീടിനടുത്തെത്തിയ സംഘം അർജുനനെ കാറിൽ കയറ്റി തട്ടികൊണ്ടു പോകുമ്പോൾ മുദ്രപേപ്പറുകളിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചിരുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടർന്നാണ് ചങ്ങരംകുളത്ത് ഇറക്കിവിട്ടത്.
സംഭവം ആസൂത്രണം ചെയ്തവരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെയും ഉപയോഗിച്ച വാഹനങ്ങളും കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.