സ്കൂട്ടർ ഇടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണക്കവർച്ച: നാലു പേർ പിടിയിൽ; സ്വർണം കണ്ടെത്താനായില്ല
text_fieldsപെരിന്തൽമണ്ണ / തൃശൂർ: ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വർണം കവർന്ന സംഭവത്തിൽ നാലു പേർ പിടിയിലായി. കണ്ണൂർ സ്വദേശികളായ പ്രബിൻ ലാൽ, ലിജൻ രാജൻ, തൃശൂർ സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് പിടിയിലായത്. തൃശൂർ വെസ്റ്റ് ഫോർട്ട് പരിസരത്തുനിന്നും വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽനിന്ന് സ്വർണം കണ്ടെത്താനായിട്ടില്ല. സംഘത്തിലുണ്ടായിരുന്ന ഒരാളെ പിടികൂടാനുമായിട്ടില്ല.
ഇന്നലെ രാത്രി മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയറ്ററിനു സമീപത്തുവെച്ചായിരുന്നു സംഭവം. പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെ.എം ജ്വല്ലറി ഉടമകളായ യൂസുഫ്, സഹോദരൻ ഷാനവാസ് എന്നിവർ വർഷങ്ങളായി ജ്വല്ലറി നടത്തിവരികയാണ്. കടയടച്ച് മുഴുവൻ ആഭരണങ്ങളും തൂക്കിക്കണക്കാക്കി രേഖപ്പെടുത്തി ബാഗിൽ വീട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവ്. ഇന്നലെ 8.45ഓടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആക്രമണമുണ്ടാകുകയായിരുന്നു.
സ്കൂട്ടറിന് വാഹനം വിലങ്ങിട്ട് മൂക്കിനിടിച്ചുവീഴ്ത്തി പിറകിലുള്ളയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഇതിനിടയിൽ മുഖത്തേക്ക് ഒരു സ്പ്രേയടിക്കുകയും ചെയ്തു. വീടിനടുത്ത് എത്തുന്നതിന് അൽപം മുമ്പായിരുന്നു ആക്രമണവും കവർച്ചയും. ഉടൻ ജ്വല്ലറി അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് പല സംഘങ്ങളായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.