ഡാർക് വെബിൽ നിന്ന് എൽ.എസ്.ഡി വരുത്തി കച്ചവടം ചെയ്യുന്ന നാലു പേർ കൊച്ചിയിൽ പിടിയിൽ
text_fieldsകൊച്ചി: വിൽപനക്കായി കൊച്ചിയിലെത്തിച്ച വൻ മയക്കുമരുന്നു ശേഖരവുമായി നാലു പേർ പിടിയിൽ. 721 എൽ.എസ്.ഡി സ്റ്റാമ്പുകൾ, 1.08 ഗ്രാം ഹാഷിഷ്, 20 ഗ്രാം കഞ്ചാവ്, 8,04,500 രൂപ എന്നിവയുമായി എറണാകുളം സ്വദേശികളാണ് അറസ്റ്റിലായത്.
ചിലവന്നൂരിൽ വാടകക്ക് താമസിക്കുന്ന വടുതല പച്ചാളം കോൽപ്പുറത്ത് നെവിൻ (28), അയ്യപ്പൻകാവ് ഇലഞ്ഞിക്കൽ വീട്ടിൽ ലെവിൻ (28), പച്ചാളം കൊമരോത്ത് അമൽ (22), അയ്യപ്പൻകാവ് പയ്യപ്പിള്ളി അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്. ഡാർക് വെബ് വഴി ബിറ്റ്കോയിൻ ഇടപാടിലൂടെയാണ് സംഘം എൽ.എസ്.ഡി അടക്കമുള്ളവ കൊച്ചിയിലെത്തിച്ചത്.
വിദേശ വിപണിയിൽ രണ്ടര മുതൽ മൂന്ന് ഡോളർ വരെ വിലയുള്ള എൽ.എസ്.ഡി സ്റ്റാമ്പുകൾ കൊറിയറിൽ വരുത്തി 1300 മുതൽ 1500 വരെ രൂപക്കാണ് ഇവർ വിറ്റിരുന്നത്. നെവിനാണ് സംഘത്തിലെ പ്രധാനി. ഇയാളുടെ ചിലവന്നൂരിലെ വാടക വീട്ടിൽനിന്നാണ് 97 എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹാഷിഷ്, കഞ്ചാവ്, 7.86 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ത്രാസ് എന്നിവ പിടിച്ചെടുത്തത്. എൽ.എസ്.ഡി സ്റ്റാമ്പുകൾ വിൽപന നടത്തിയിരുന്നവരാണ് മറ്റുള്ളവർ. ലെവിെൻറ വീട്ടിൽനിന്ന് 618 സ്റ്റാമ്പുകളും 18,500 രൂപയും കണ്ടെടുത്തു. ആറ് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി മറ്റ് രണ്ടുപേരെ പിടികൂടിയപ്പോൾ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.
കൊടൈക്കനാൽ കേന്ദ്രീകരിച്ച് ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന നെവിൻ വർഷങ്ങളായി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ജർമൻ സ്വദേശിനിയെ വിവാഹം കഴിച്ച് കഴിഞ്ഞ ഫ്രെബ്രുവരി മുതലാണ് ചിലവന്നൂരിൽ വാടകക്ക് താമസമാക്കിയത്. ഇയാളുടെ ആസ്തി സംബന്ധിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.
സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു, ഡെപ്യൂട്ടി കമീഷണർ ഐശ്വര്യ ഡോഗ്റെ എന്നിവരുടെ നിർദേശപ്രകാരം നാർകോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണർ കെ.എ. തോമസിെൻറ നേതൃത്വത്തിൽ കൊച്ചി സിറ്റി ഡാൻസാഫാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.