മഞ്ചേരി മെഡി. കോളജാശുപത്രിയിൽ ഒരാഴ്ചക്കിടെ മരിച്ചത് നാല് കുഞ്ഞുങ്ങൾ
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ള യുവതിയുടെ രണ്ട് ഗർഭസ്ഥ ശിശുക്കളടക്കം ഒരാഴ്ചക്കിടെ മരിച്ചത് നാല് പിഞ്ചുകുഞ്ഞുങ്ങൾ. വള്ളിക്കുന്ന് സ്വദേശിനിയുടെ ഏഴ് മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുക്കളാണ് വ്യാഴാഴ്ച മരിച്ചത്. ഇരട്ടക്കുട്ടികളായിരുന്നു. യുവതിയുടെ ഭർത്താവും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ ആദ്യം മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് സൂപ്രണ്ട് ജില്ല കലക്ടർക്ക് കത്തയച്ചോടെ കോഴിക്കോട് കോർപറേഷന് കീഴിലെ വൈദ്യുതി ശ്മശാനത്തിലാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തിയത്.
ജൂൺ ആറിനാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കുട്ടികൾ മരിച്ചത്. പാലക്കാട് ചെത്തല്ലൂർ സ്വദേശിനിയുടെ 56 ദിവസം പ്രായമായ കുഞ്ഞും കൊണ്ടോട്ടി പുളിക്കൽ സ്വദേശിനിയുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞുമാണിത്. ചെത്തല്ലൂർ സ്വദേശിയായ യുവതി ഏപ്രിൽ 13നാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കോയമ്പത്തൂരിലായിരുന്നു പ്രസവം. മേയ് നാലിന് വീട്ടിലെത്തി. കുഞ്ഞിന് വളർച്ചക്കുറവും തൂക്കക്കുറവും ഉണ്ടായിരുന്നു. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ നിന്നാണ് മഞ്ചേരിയിലെത്തിച്ചത്. രക്തസമ്മർദം കുറവായതിനാലും ശ്വാസതടസ്സമുള്ളതിനാലും കുഞ്ഞിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ജൂൺ ആറിന് പുലർച്ച 1.30ന് മരിച്ചു.
പുളിക്കൽ സ്വദേശിയായ യുവതിയുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞും അന്നേദിവസം രാവിലെ 9.30ന് മരിച്ചു. മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു യുവതി. പ്രസവചികിത്സക്കായി ജൂൺ നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിടിപ്പ് കുറവായതിനാൽ ശസ്ത്രക്രിയക്കായി മാറ്റിയെങ്കിലും സുഖപ്രസവമായിരുന്നു. കുഞ്ഞ് കരയാത്തതിനെ തുടർന്ന് എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. വെൻറിലേറ്റർ സഹായത്തോടെ കൃത്രിമശ്വാസം നൽകിയെങ്കിലും പിന്നീട് മരിച്ചു. കോവിഡില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം വിട്ടുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.