ശൗചാലയത്തിനകത്തെ ഗ്രില്‍ തകര്‍ത്ത് ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്ന് നാല് ആണ്‍കുട്ടികളെ കാണാതായി
text_fieldsകോഴിക്കോട്: ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്ന് നാല് ആണ്‍കുട്ടികളെ കാണാതായി. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുട്ടികള്‍ കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ബാലമന്ദിരം അധികൃതര്‍ അറിയിച്ചു.
ഹോസ്റ്റലിലെ ശൗചാലയത്തിനകത്തെ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ കടന്നുകളഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാണാതായ കുട്ടികളില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. മറ്റു മൂന്നുപേരും കേരളത്തില്‍നിന്നുള്ളവരാണ്. നാലുപേരും 17 വയസുകാരാണ്. ബാലമന്ദിരം അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാലമന്ദിരം അധികൃതരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഡി.സി.പിയുടേയും മെഡിക്കല്‍ കോളജ് എ.സി.പിയുടേയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണിപ്പോൾ നടക്കുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗേള്‍സ് ഹോമില്‍നിന്ന് സമാനരീതിയില്‍ കുട്ടികള്‍ കടന്നുകളഞ്ഞിരുന്നു. രണ്ടുപേരെ കര്‍ണാടകയില്‍നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍നിന്നുമാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ബാലമന്ദിരത്തിലെ സുരക്ഷാവീഴ്ച ചര്‍ച്ചയായതിനെത്തുടര്‍ന്ന് ഇത് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.