ഇവർ സൂപ്പർ ബോയ്സ്
text_fieldsപാലാ: ഇവരാണ് ആ സൂപ്പർ ബോയ്സ്. മല്ലികശ്ശേരി പൊന്നൊഴുകുംതോടിന് സമീപം കൈത്തോട്ടിൽ കാൽ വഴുതി വീണ് ഒഴുക്കിൽപെട്ട കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകൾ രണ്ടു വയസ്സുകാരി തെരേസയെ രക്ഷിച്ചത് ഈ ഹീറോകളാണ്. എലിക്കുളം പാമ്പോലി കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, സഹോദരൻ റെയോൺ നോബി എന്നിവരാണ് കുട്ടിയുടെ രക്ഷകരായത്.
ഇവർ കുളിക്കാനിറങ്ങിയതിെൻറ തൊട്ടടുത്ത് കുളിക്കുകയായിരുന്ന കാരിമറ്റത്തിൽ സീനയും കൂട്ടുങ്കൽ പ്രിൻസിയും കുട്ടി ഒഴുകിവരുന്നതുകണ്ട് അലമുറയിട്ടു. ഇതുകേട്ട കുട്ടികൾ നോക്കുമ്പോൾ ഒരു കൈ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കുഞ്ഞ് ഒഴുകി വരുന്നു. ആദ്യം പിടിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് കാരണം നടന്നില്ല. തുടർന്ന് രണ്ടാംവട്ടം ശ്രമിച്ചപ്പോൾ കുട്ടിയെ കിട്ടി. തുടർന്ന് നാലുപേരും ചേർന്ന് കുട്ടിയെ തൊട്ടടുത്ത കോക്കാട്ട് തോമാച്ചെൻറ വീട്ടിൽ എത്തിച്ചു. ഇവിടെവെച്ച് തോമാച്ചൻ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ കുട്ടിയെ പൈകയിലെ പുതിയിടം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആനന്ദിനും കൂട്ടുകാർക്കും കുട്ടിയെ രക്ഷിക്കാനായില്ലെങ്കിൽ കുട്ടി പൊന്നൊഴുകും തോട്ടിൽ പതിക്കുമായിരുന്നു. മുന്നൂറ് മീറ്ററോളം ദൂരമാണ് വെള്ളത്തിലൂടെ കുട്ടി ഒഴുകിയത്. പാലാ സെൻറ് തോമസ് ഹൈസ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയാണ് ആനന്ദ്.
നിഖിൽ വിളക്കുമാടം സെൻറ് ജോസഫ്സ് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. ഡിയോണും റെയോണും ആനക്കല്ല് സെൻറ് ആൻറണീസിൽ യഥാക്രമം ആറും നാലും ക്ലാസിൽ പഠിക്കുന്നു. തെരേസയുടെ ജീവൻ രക്ഷിച്ച ആനന്ദിനെയും കൂട്ടുകാരെയും മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ധീരത സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുട്ടിയെ രക്ഷിച്ച കടവിൽെവച്ചാണ് ആദരവ് നൽകിയത്. സാബു എബ്രഹാം, അനൂപ് ചെറിയാൻ, എൻ.ആർ. ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.